നോട്ടുനിരോധന വാർത്ത അറിയുന്നത് എൻ്റെ ഓഫീസ് കോമ്പൗണ്ടിൽ തന്നെയുള്ള അടുത്ത ബിൽഡിംഗാങ്ങായ 'ജല്ലി'ൻ്റെ നാലാം നിലയിലെ കഫെറ്റീരിയയിൽ അന്നത്തെ അത്താഴമായ ഫ്രൂട്ട് ബൗളും ജ്യൂസും ഓർഡർ ചെയ്ത് കാത്തുനിൽക്കുമ്പോഴാണ്. കഫെറ്റീരിയയിലെ ടിവി സ്ക്രീനുകളിൽ ബ്രേക്കിങ്ങ് ന്യൂസായി '1000, 500 നോട്ടുകൾ ഇന്ന് അർദ്ധരാത്രി മുതൽ ഇന്ത്യയിൽ നിരോധിച്ചതായി ' സ്ക്രോളുകൾ പായുന്നു. അഞ്ചു മിനുട്ട് മുമ്പ് തൊട്ടടുത്തുള്ള HDFC ATM ൽ നിന്നും ഞാനെടുത്ത അഞ്ഞൂറിൻ്റെ നോട്ടെന്നെ നോക്കി ചിരിച്ചു! ഇന്നത്തെപ്പോലെ വാട്ട്സ്ആപ്പത്രവ്യാപകമല്ലാത്ത അന്ന്, ഫേസ് ബുക്ക് എടുത്തു നോക്കിയപ്പോൾ പല പ്രമുഖരുടെയും അനുകൂലിച്ചുള്ള പോസ്റ്റുകളാണ് കൂടുതൽ കണ്ടത് (VT ബൽറാം അടക്കം). ഇലക്ട്രോണിക് സിറ്റി ഓഫീസിലായിരുന്ന സുഹൃത്തും റൂംമേറ്റുമായ ഗോകുൽ വിളിച്ച് പ്രധാനമന്ത്രിയുടെ ഗട്സിനെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്കും തോന്നി ശരിയായ ഒരു തീരുമാനമാണെന്ന്. ആ നയത്തിൻ്റെ വരുംവരായ്മകളെക്കുറിച്ച് അപ്പോൾ അത്ര ബോധവാനായിരുന്നില്ല. ആന്ധ്രയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ജന്മിമാരുടെ കള്ളപ്പണശേഖരത്തെയും മറ്റും കേട്ടതുകൊണ്ടും വായിച്ചതുകൊണ്ടും കള്ളപ്പണത്തിൻ്റെ ഇല്ലായ്മക്കതു കാരണമാവുമല്ലോ എന്ന ചിന്തയായിരുന്നു നോട്ടുനിരോധനത്തെ അന്നനുകൂലിക്കാൻ തോന്നിയതിൻ്റെ മറ്റൊരു കാരണം. സംഭവിച്ചത് അതൊന്നുമായിരുന്നില്ലെന്ന് അടുത്ത ദിവസങ്ങളിൽ തെളിയിക്കപ്പെട്ടു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും കർഷകരെയും നിലയില്ലാ കയത്തിലേക്ക് തള്ളിയിടുന്ന കൊടുംവെട്ടായിരുന്നു നോട്ടു നിരോധനം. ഓഫീസിൽ
അടുത്ത ക്യൂബിക്കിളിലിരിക്കുന്ന ആന്ധ്രക്കാരൻ്റെ അമ്മൂമ്മയുടെ കയ്യിലെ നോട്ടുകെട്ടുകൾക്ക് വിലയില്ലെന്നറിഞ്ഞ് അവർക്ക് ഹാർട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലായതും ഒന്നര മാസത്തോളം ചികിത്സിക്കപ്പെട്ടതും കുറച്ചുദിവസങ്ങൾക്ക് ശേഷം അറിഞ്ഞു. പേ.ടി.എം, ഭീം ആപ്പ് പോലെയുള്ള ആപ്പുകൾ ടെക്കികൾക്കിടയിൽ ചെറുതായി ഉപയോഗിച്ചു തുടങ്ങിയ കാലമായിരുന്നു 2016 ൻ്റെ തുടക്കം. നോട്ടു നിരോധനാനന്തരം, ഇത്തരം വാലെറ്റുകൾ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. എന്നാലും നിത്യച്ചെലവിന് അരമുറുക്കുന്ന സാധാരണക്കാരന് ഇത്തരം ആധുനിക സംവിധാനങ്ങൾ അപ്രാപ്യമായിരുന്നു.എ ടിഎമ്മുകളെ അന്വേഷിച്ചുള്ള അലച്ചിലായിരുന്നു അടുത്ത ദിവസങ്ങളിൽ. കറൻസി ലഭ്യമാവുന്ന എ ടി എമ്മുകളുടെ വിവരങ്ങൾ നൽകുന്ന അപ്ലിക്കേഷനുകൾ വരെ വന്നു.
മലപ്പുറം, കോട്ടക്കുന്നിൽ പോവുന്ന റോട്ടിലെ ബിൽഡിംഗിൻ്റെ പുറകിലെ എ.ടി.എമ്മിലും ആ റോഡിന് എതിർവശത്തുള്ള എസ് ബി ടി എ ടി എമ്മിലുമായിരുന്നു മലപ്പുറം ടൗണിൽ കാശുണ്ടായിരുന്നത്.ആ ഒരു എ ടി എമ്മിലെ ക്യൂവിൽ നിന്ന് മാധവിക്കുട്ടിയുടെ 'എൻ്റെ കഥ' മുഴുവനായി വായിച്ചത് അതിശയത്തോടെ ഇന്ന് ഓർക്കുന്നു.
2017 ജനുവരിയിൽ അമേരിക്കയിൽ രണ്ടാഴ്ച്ച ബിസിനസ്സ് ട്രിപ്പ് പോയി തിരിച്ചു താമസസ്ഥലത്തുനിന്നും എയർപോർട്ടിലേക്ക് വരുമ്പോൾ ആഫ്രോ അമേരിക്കനായ എൻ്റെ ടാക്സി ഡ്രൈവർ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ' what a Crazy guy is your prime Minister, after his dinner he announced ban of your banknotes '. ഇന്ത്യൻ സാമ്പത്തിക രംഗത്തെക്കുറിച്ചെങ്ങനെ അറിയാമെന്ന് കൗതുകത്തോടെ അന്വേഷിച്ചപ്പോൾ, economics ബിരുദധാരിയായ അദ്ദേഹം അന്താരാഷ്ട്ര സാമ്പത്തികരംഗം സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്ന് പറയുകയുണ്ടായി.
കോവിഡ് കാലത്തെ തൊഴിലാളികളുടെ സ്വന്തം നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഓർമ്മിപ്പിക്കുന്ന നോട്ടു നിരോധന കാലത്തെ ദുരന്തങ്ങളുടെ പരിക്ക് അമ്പത് ദിവസമല്ല ആറ് വർഷം കഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ല.
- അബൂബക്കർ എസ് എം ഒറ്റത്തറ
No comments:
Post a Comment