Wednesday, 3 June 2020

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ്  (നൻമ) മീഡിയ ഡയറക്ടർ   ഫഹീമ ഹസ്സൻ  അമേരിക്കൻ  പോലീസ്  ഓഫീസർ ആലിസൻ മില്ലറുമായി  നടത്തിയ അഭിമുഖം.

ഫഹീമ : ജോർജ്  ഫ്ലോയിഡിൻറെ  മരണത്തെപ്പറ്റിയാണ്  നമ്മൾ  സംസാരിക്കുന്നത് . വിലങ്ങണിഞ്ഞു തറയിൽ കിടക്കുന്ന ഫ്ലോയിഡിൻറെ കഴുത്തിൽ  പോലീസ്  മുട്ടുകാൽ  വെച്ചമർത്തി  കൊലപ്പെടുത്തിയ  വാർത്ത  അറിഞ്ഞപ്പോൾ  എന്തായിരുന്നു  താങ്കളുടെ  പ്രതികരണം?
ആലിസൻ: ഇത് ഞെട്ടിക്കുന്നതായിരുന്നു. ഉടനെ ഞാൻ  എൻറെ ഭർത്താവിനോട്  പറയുകയും ചെയ്‌തു "ഒരു  പോലീസുകാരൻ,   തൻ്റെ മുട്ടുകാൽ ഒരു കുറ്റാരോപിതൻറെ കഴുത്തിലമർത്താൻ ഒരിക്കലും പാടുള്ളതല്ല".വീണുകിടക്കുന്ന ജോർജിനെ അങ്ങനെ ചെയ്‌തത്   തെറ്റായ  നടപടിയാണ്. മാത്രമല്ല  ദൃക്‌സാക്ഷികൾ  പോലീസുകാരനോട്  കാൽ മാറ്റാൻ  പറയുന്നുണ്ടെങ്കിലും  അത്  തുടരുകയാണ്  അയാൾ  ചെയ്യുന്നത്.തികച്ചും   വേദനാജനകമായ കാഴ്ചയായിരുന്നു അത്.

ഫഹീമ : അമേരിക്കയിൽ വംശീയത  വലിയ  പ്രശ്‌നമാണ് . സമാനമായ  പല  സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്.മാത്രമല്ല, കോടതിയും പലപ്പോഴും  അയഞ്ഞ സമീപനമാണ്  എടുക്കാറുള്ളത്.പ്രത്യേകിച്ച്  കറുത്ത  വർഗ്ഗക്കാർ ഇരയാകുമ്പോൾ. വെള്ളക്കാർ  കുറ്റവാളികളാകുന്ന  സാഹചര്യങ്ങളിൽ പോലീസ് അവർക്കനുകൂലമായി  പ്രവർത്തിക്കുന്ന  കേസുകളുമുണ്ടായിട്ടുണ്ട്. നിങ്ങളുടെ  അനുഭവങ്ങൾ?
ആലിസൻ: പോലീസുകാർക്ക്  വേണ്ടത്ര പരിശീലനം ലഭിക്കാത്തത് വലിയ പ്രശ്നമാണ്. ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനത്തെക്കാൾ ആളുകളുമായി എങ്ങനെ  ഇടപെടണമെന്നുള്ള  പരിശീലനം പോലീസുകാർക്ക്  നന്നായി  ലഭിച്ചാൽ , അവർക്കു  കുറെ കൂടി  നന്നായി  പ്രശ്‌നങ്ങളെ  നേരിടാൻ  സാധിച്ചേക്കാം.പ്രത്യേകിച്ച് വംശീയ വൈവിധ്യ പരിശീലനത്തിൻറെ അഭാവം ഒരു പ്രധാന പ്രശ്‌നമാണ്.കുറച്ചു  ദിവസങ്ങൾക്കു മുമ്പ് വെളുത്തവർഗ്ഗക്കാരുൾപ്പടെ തോക്കുയർത്തിപ്പിടിച്ചു  കോവിഡ് അടച്ചുപൂട്ടലിനെതിരെ തെരുവിലിറങ്ങിയപ്പോൾ  അവരെ പുഞ്ചിരിയോടെ  നേരിട്ട  അതേ  പോലീസുദ്യോഗസ്ഥന്മാർ ഇപ്പോഴുള്ള സമരത്തെ റബ്ബർ ബുള്ളറ്റും  കുരുമുളക്‌സ്‌പ്രേയും മറ്റുമുപയോഗിച്ചാണ്  നേരിടുന്നത്.


ഫഹീമ :  നിയമനടപടികളിലേക്ക്  നോക്കിയാൽ  കറുത്ത വർഗ്ഗക്കാരായ  പോലീസുകാർ  തെറ്റു ചെയ്‌താൽ  വലിയ  ശിക്ഷയും  വെളുത്ത വർഗ്ഗക്കാരായ  പോലീസുകാർ തെറ്റു ചെയ്‌താൽ കേസ്  എടുക്കാത്തതുമായ  അവസ്ഥയാണുള്ളത്.ഫ്ലോയിഡിൻറെ  കാര്യത്തിൽ തന്നെയും  വലിയ  പ്രക്ഷോഭങ്ങൾക്ക്  ശേഷമാണ് കേസെടുത്തത്. വർഷങ്ങൾക്കു മുമ്പ് മുഹമ്മദ്  നൂർ  എന്ന  പോലീസുകാരൻ  ഒരു  വെളുത്ത  വർഗ്ഗക്കാരിയായ യുവതിയെ  കൊന്ന  കേസിൽ, വീഡിയോ  തെളിവുകൾ  ഇല്ലായിരുന്നിട്ടു  കൂടി വലിയ  ശിക്ഷയാണ്  വിധിച്ചത്.ഇത്തരം  വിവേചനത്തെപ്പറ്റി  എന്താണഭിപ്രായം?
ആലിസൻതികച്ചും  നിർഭാഗ്യകരമായ അവസ്ഥയാണ്. ഇത്‌  ഒരു  വംശീയ പ്രശ്‌നമാണ്.കറുത്ത വർഗ്ഗക്കാരനും സോമാലിയൻ മുസ്ലിമുമായ പോലീസ്  ഓഫീസർ നൂറിൻറെ കാര്യത്തിൽ കടുത്ത വിവേചനമാണ് ഉണ്ടായത്. ഒരു  ഓഫീസറോട് തെറ്റായ നിലപാട്  സ്വീകരിച്ചതിൻറെ ഉത്തമോദാഹരണമായിരുന്നു ആ  നടപടികൾ.പോലീസുദ്യോഗസ്ഥൻറെ അവിചാരിതമായ  വെടിവെപ്പിന് ഇത്തരമൊരു  ശിക്ഷ കഴിഞ്ഞ  100 വർഷങ്ങൾക്കിടയിൽ ആദ്യമായാണ്.നിർഭാഗ്യവശാൽ,നിയമപാലകർ പ്രതിയെ  സംഭവസ്ഥലത്തു  നിന്നും അറസ്റ്റ്  ചെയ്‌തില്ല, എന്നു  മാത്രമല്ല കൃത്യസ്ഥലത്തു നിന്നും കൊലപാതകിയെ  രക്ഷപ്പെടുത്തുകയും  പ്രതിക്കു  വേണ്ടി  ഒരു നിയമവിദഗ്ദ്ധനെ ഏർപ്പാടാക്കുകയും അതിനു  വേണ്ടി  പണം  ശേഖരിക്കുകയും ചെയ്‌തു.

ഫഹീമ :  പോലീസ്  ഹെൽപ് ലൈനിൽ  വിളിച്ചിട്ട്   അവർ  സംഭവസ്ഥലത്തെത്തിയാൽ എങ്ങനെയാണു  പെരുമാറേണ്ടത്?
ആലിസൻഅവർ  എത്തി ഫോൺ  വിളിച്ച  ആളുമായി  സംസാരിച്ചു കുറ്റാരോപിതനെതിരെയുള്ള തെളിവുകൾ  എടുക്കണം.വിളിച്ചുപറഞ്ഞ  ആളിൽ  നിന്നും ആരോപിതനിൽ നിന്നും മൊഴിയെടുക്കും.കുറ്റാരോപണം കൊണ്ട്  മാത്രം ഒരാളെ അറസ്റ്റ് ചെയ്യുവാൻ കഴിയുകയില്ല. അപ്പോൾ  വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ ശേഖരിച്ച വിവരങ്ങളുമായി പോലീസുദ്യോഗസ്ഥർ തിരിച്ചുപോവുകയും മതിയായ തെളിവുകൾ  കിട്ടിയാൽ  മാത്രം  കുറ്റമാരോപിക്കപ്പെട്ട  വ്യക്തിയെ അറസ്റ്റ് ചെയ്തു  പ്രാദേശിക ജയിലിൽ  കൊണ്ടുപോവുകയും കോടതിയിൽ ഹാജരാക്കാൻ  വേണ്ടി കാത്തിരിക്കുകയും ചെയ്യണം.

ഫഹീമ :  നീതിപൂർവം ഇടപെടാൻ  പോലീസിൻറെ  പരിശീലനത്തിൽ എന്താണ്  പുതുതായി  ചെയ്യാൻ  കഴിയുക?
ആലിസൻപലതരത്തിലും വംശത്തിലുമുള്ള  ആളുകളുമായി  ഇടപെടാനുള്ള  ബഹുസ്വര(diversity), സാംസ്‌കാരിക സംവേദന(cultural sensitivity) പരിശീലനങ്ങൾ ആവശ്യമാണ്. കുറെയധികം വെളുത്തവർഗ്ഗക്കാരായ പോലീസുകാർക്ക് മറ്റു വിഭാഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നറിയില്ല .മാത്രമല്ല കുറ്റാന്വേഷണ സംവിധാനത്തിലും നിയമപാലന വകുപ്പിലും   കറുത്ത വർഗ്ഗക്കാരെയും മറ്റു വിഭാഗങ്ങളെയും കൂടുതൽ  ഉൾപ്പെടുത്തുകയും  വേണം.

ഫഹീമ : നീതിന്യായ  വ്യവസ്ഥയെ  എങ്ങനെ മെച്ചപ്പെടുത്താം?
ആലിസൻ: നീതിന്യായ സംവിധാനം വിമർശനങ്ങൾ ശ്രദ്ധിക്കണം.ഇപ്പോൾ  നടക്കുന്ന  സമരങ്ങളും  അവരുടെ  ആവശ്യങ്ങളും ഉൾക്കൊള്ളാൻ  കഴിഞ്ഞാൽ നമുക്ക്  എല്ലാവർക്കും  വേണ്ടി പ്രവർത്തിക്കുവാൻ  കഴിയും.

ഫഹീമ :  US പോലീസുകാർ ഇസ്രായേലിൽ പരിശീലനത്തിനു  പോവുന്നുണ്ടോ? അവരുടെ  രീതികളിൽ  പ്രതിയോഗിയുടെ സുരക്ഷക്ക് പ്രധാനമല്ലാത്ത രീതികളിൽ പെട്ടതാണോ  കഴുത്തിൽ  മുട്ടമർത്തിയ രീതി ?
ആലിസൻഉണ്ട്. ഇസ്രായേൽ കഴിഞ്ഞ   എഴുപത് വർഷത്തിലേറെയായി  ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കുന്ന  മുറകൾ , പ്രത്യേകിച്ച് ചില  മർമ്മമുറകൾ  അമേരിക്കൻ പൊലീസുകാരെ  പരിശീലിപ്പിക്കുന്നുണ്ട്. ക്രാവ് മഗാ(Krav Maga)- മർദ്ധസ്ഥല രീതികൾ/നാഡീ തളർത്തൽ രീതികൾ- വളരെ ക്രൂരമെങ്കിലും ഫലപ്രദമായ ഇസ്രായേൽ രീതിയാണ്. എങ്ങനെ  ആയുധം  തിരികെ കൈവശപ്പെടുത്താം,ഷർട്ടിൽ പിടിച്ചു ഒരാളെ എങ്ങനെ കൈപ്പിടിയിലൊതുക്കാം ,  പ്രതിയോഗിയെ  കുറഞ്ഞ  ബലം  പ്രയോഗിച്ചു കീഴ്‌പ്പെടുത്തുന്നതെങ്ങനെ  തുടങ്ങിയ പരിശീലനങ്ങൾ  ഇതിൻറെ  ഭാഗമാണ്. ഫ്ലോയിഡിൻറെ  കാര്യത്തിൽ  പോലീസു‌കാരൻ തൻ്റെ കൈകൾ  പോക്കറ്റിലിട്ട്  ഇരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പോലീസ്  സംരക്ഷകരും ജനസേവകരുമാണ്, ആയോധന കലാകാരന്മാരല്ല.ഒരു പരിധിക്കപ്പുറം ക്രാവ്‌ മഗാ ഉപയോഗിക്കുന്നത് ഭൂഷണമല്ല.

ഫഹീമ :  കൈകൾ  പിന്നിൽ  ബന്ധിച്ചു നിലത്തു കിടത്തിയിരുന്ന  ഫ്ലോയിഡ്  ഓടി രക്ഷപ്പെടാൻ ഒരു  സാധ്യതയുമില്ലാഞ്ഞിട്ടും പോലീസ്  കൊലപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ പോലീസിൻറെ ക്രൂരതകളിൽ നിന്നും ജനങ്ങൾക്ക്  സഹായകരമായ എന്തെങ്കിലും  സംവിധാനമുണ്ടോ?
ആലിസൻ: നിർഭാഗ്യവശാൽ അങ്ങിനെ  ഒന്നുമില്ല.ചില ഓൺലൈൻ സംഘടനകളുടെ ഇടപെടലുകൾ  കണ്ടിട്ടുണ്ട്. തെരുവിൽ നടക്കുന്ന അതിക്രമങ്ങളിൽ സഹായിക്കാനൊന്നും അവർക്ക്  കഴിയില്ലെങ്കിലും കോടതിനടപടികളിൽ സഹായിക്കുവാനും   നിയമവിദഗ്ധരെ ഏർപ്പാടാക്കുവാനും  അവരുടെ  സഹായം ലഭ്യമാവും. അത്  വളരെ  ഉപകാരപ്രദമാണ്.

ഫഹീമ :  സാമൂഹ്യമാധ്യമങ്ങളിൽ വംശവെറിയും സൈനോഫോബിയയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന പല പോലീസു‌കാരുടെയും പോസ്റ്റുകൾ കാണുന്നുണ്ട്.ഇതു തടയാൻ  യാതൊരു ഇടപെടലുകളും  കാണുന്നില്ല. ഇത്  തടയേണ്ടതല്ലേ?
ആലിസൻദൗർഭാഗ്യവശാൽ അങ്ങിനെ  പല സാമൂഹ്യമാധ്യമ ഗ്രൂപ്പുകളും  പോസ്റ്റുകളുമുണ്ട്.ഞാൻ  തന്നെ  അത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിലെ വർണ്ണവെറി തമാശകൾക്കും  പ്രചാരണങ്ങൾക്കും മുമ്പ് സാക്ഷിയായിട്ടുണ്ട്. അന്നത് റിപ്പോർട്ട് ചെയ്ത് അതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു  ചെയ്‌തത്‌. ഇത്തരം ഗ്രൂപ്പുകളിൽ അതിനെതിരെ ശബ്ദിച്ചാൽ നമ്മളെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതും സ്ഥിരമാണ്.എന്നെ പലരും തീവ്രവാദിയെന്നു പോലും വിളിച്ചിട്ടുണ്ട്. ഇതിനെതിരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.ഭൂരിഭാഗം പേരും  ജോലിയിൽ തുടരുന്നുമുണ്ട്.

ഫഹീമ :     പറയുമ്പോൾ തങ്ങൾ അവിടെനിന്നും   മാറാമെന്നു  പറഞ്ഞതിനു  ശേഷവും സിഎൻഎൻ  ലേഖകൻ  ഒമർ ജിമനസും   സംഘവും അറസ്റ്റ്  ചെയ്യപ്പെട്ടു. പ്രസിഡണ്ട്  ട്രംപ്  പറയുന്നത്  മാധ്യമങ്ങൾ  അപകടകാരികളാണെന്നാണ്. ഇത്  പോലീസിന് അതിക്രമങ്ങൾക്ക്  കൂടുതൽ പ്രോത്സാഹനമാവുന്നുണ്ടോ?
ആലിസൻ: ഉണ്ടെന്നാണ്  എനിക്ക് തോന്നുന്നത്. പ്രസിഡണ്ടിന്റെ  മനോഭാവം പോലീസുകാരിൽ  പ്രതിഫലിക്കുന്നുണ്ട്.അതവർക്ക്  മാധ്യമങ്ങളെ നേരിടുന്നതിനുള്ള പ്രോത്സാഹനവുമാവുന്നുണ്ട്.മാത്രമല്ല  പോലീസുകാരുടെ  പ്രവർത്തനങ്ങൾ  മാധ്യമങ്ങൾ  പകർത്തുന്നത്  ഒഴിവാക്കാനും  ശ്രമിക്കുന്നുണ്ട്.

ഫഹീമ :  കഴിഞ്ഞ ആഴ്ച്ച  ഫോട്ടോഗ്രാഫർ  ലിൻഡയെ ഇടതുകണ്ണിൽ  വെടിവെച്ചു . ലിൻഡ പറഞ്ഞത്  താനൊരു  പത്രപ്രവർത്തകയാണെന്നു പോലീസിന് അറിയാതിരിക്കാൻ  ഒരു നിർവാഹവുമില്ലെന്നാണ്.റോയിട്ടേഴ്‌സിനെതിരെ കണ്ണീർവാതക  പ്രയോഗം നടത്തിയത്  റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ  കുരുമുളക്‌സ്‌പ്രേയും റബ്ബർ ബുള്ളറ്റും പ്രയോഗിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്  .പോലീസ് ഇത്  അന്വേഷിക്കാറുണ്ടോ?
ആലിസൻഇതും  ഫലസ്തീനിൽ  സംഭവിക്കുന്നത്  പോലെയാണ്.ഇസ്രായേൽ പട്ടാളക്കാരുടെ കിരാത നടപടികൾ പുറംലോകത്തെത്തിക്കുന്ന പത്രപ്രവർത്തകരോട് അവർ ചെയ്യുന്നതും ഇതുതന്നെയാണ്. അവിടെ നിന്നും പരിശീലനം ലഭിച്ച ഇവിടുത്തെ പോലീസുകാർക്കും  പത്രപ്രവർത്തകർ   ഇരകളാവുകയാണ്.പത്രപ്രവർത്തകർ തെരുവിൽ ഇരയാക്കപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ  ഗൗരവമായ  നടപടികൾ   ഉണ്ടാവാറില്ല. അങ്ങിനെത്തന്നെ  തുടരാനാണ്  സാധ്യത.

ഫഹീമ :  കുറെ പ്രതിഷേധങ്ങൾ  നടക്കുന്നുണ്ടെങ്കിലും ഇത് ലഹളകളായാണ്  പ്രചരിക്കപ്പെടുന്നത്.ഭൂരിഭാഗം  പ്രതിഷേധങ്ങളും  സമാധാനപരമാണ്. കറുത്തവർഗ്ഗക്കാർ  ഒരേ സമയം കൊറോണ  മൂലമുള്ള  ദുരന്തങ്ങളും  വംശീയതയും  നേരിടുകയാണ്.പലയിടത്തും  പോലീസ്  പ്രതിഷേധക്കാർക്കൊപ്പം നിലയുറപ്പിക്കുന്നുണ്ട്  എന്നത് ആശാവഹമാണ്.പോലീസ്  എത്രമാത്രം  പ്രതിഷേധക്കാരെ  അനുകൂലിക്കണം?
ആലിസൻ:  പോലീസുകാർ  പ്രതിഷേധക്കാരുടെ  കൂടെ  നിലകൊള്ളുന്നത് വളരെ നല്ല കാര്യമാണ്.വർണ്ണവിവേചനത്തിനെതിരെ പോലീസുദ്യോഗസ്ഥർ ജനങ്ങളുടെ കൂടെ നിൽക്കുന്നത് പ്രതീക്ഷ നൽകുന്നു.അവർ  അങ്ങിനെ തുടരുമെന്നാഗ്രഹിക്കുന്നു.  ഇൻശാ  അല്ലാഹ്!.

ഫഹീമ :  കൊള്ളയടിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്നു മിസ്സോറിയിലെ  റിപ്പബ്ലിക്കനായ  സ്റ്റേറ്റ്  പ്രതിനിധിയും  'കൊള്ള  തുടങ്ങിയാൽ  വെടിവെപ്പും  തുടങ്ങും' എന്നു  ട്രംപും ട്വീറ്റ്  ചെയ്യുകയുണ്ടായി.തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികളിൽ  നിന്നുള്ള ഇത്തരം പ്രകോപനപ്രസ്താവനകൾ നിയമത്തിനു  പുറത്തുള്ള  കൊലപാതകങ്ങളെ  പ്രോത്സാഹിപ്പിക്കുകയല്ലേ? തോക്ക്  വാങ്ങുന്നതിൽ  നിയന്ത്രണമേർപ്പെടുത്തേണ്ടതല്ലേ?
ആലിസൻഓൺലൈനായി വരുന്ന  എല്ലാ ഭീഷണികളെയും  പോലെ ഇതിനെയും  കാണണം  എന്നാണെനിക്കു  തോന്നുന്നത്. തിരഞ്ഞെടുക്കപ്പെട്ട  ആളുകൾക്കെതിരെ  നടപടിയെടുക്കാനുള്ള സാധ്യത  കുറവാണ്.എങ്കിലും  ഫെഡറൽ ബ്യൂറോ  ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI ) പോലെയുള്ള ഏജൻസികൾ അതിനു വേണ്ടി ശ്രമിക്കേണ്ടിയിരിക്കുന്നു.മിസ്സോറിയിൽ  ഒരു  മണിക്കൂറിനുള്ളിൽ  ഒരാൾക്ക്  കൈത്തോക്ക്  വാങ്ങാം.ഫലപ്രദമായ മാനസിക പരിശോധനയോ  ഡോക്ടറുടെ സാക്ഷ്യപത്രമോ ഇല്ലാതെയാണ് പലപ്പോഴും തോക്കുകൾ വിൽപ്പന നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഇത്തരം പരിശോധനകളും അത്ര ഫലപ്രദമല്ല.ഇത്തരം ആളുകളോടാണ്  തോക്കുപയോഗിക്കാൻ ജനപ്രതിനിധികൾ  പറയുന്നത് .ഇതിൽ  കുറേക്കൂടി  നിയന്ത്രണം കൊണ്ടുവരുന്നത്  സുരക്ഷക്ക്  ആവശ്യമാണ്.

ഫഹീമ :  ഇപ്പോഴത്തെ  സംഭവത്തിൻറെ  പശ്ചാത്തലത്തിൽ ഫ്ലോയിഡിന്റെ അവസ്ഥയിലോ ദൃക്‌സാക്ഷിയുടെ അവസ്ഥയിലോ  നമുക്കെന്ത്  ചെയ്യാൻ  പറ്റും?
ആലിസൻഇത് തികച്ചും സങ്കടകരമായ ചോദ്യമാണ്. കയ്യുയർത്തിപ്പിടിച്ചു നിന്നിട്ടുപോലും  കൊല  ചെയ്യപ്പെടുന്ന പല  കേസുകളും  നമുക്കറിയാം.പോലീസാണ് അവരുടെ  രീതി  മാറ്റേണ്ടത്,  സാധാരണക്കാരല്ല.പോലീസിന്  മാസങ്ങളോളം പരിശീലനവും  കിട്ടുന്നുണ്ട്.മാത്രമല്ല  അവർ ജനങ്ങളെ  സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരുമാകുന്നു.ഫ്ലോയിഡിന്റെ കാര്യത്തിൽ  അത്  തടയാൻ  ശ്രമിക്കുന്ന  യുവതിക്കെതിരെ പോലീസ് കുരുമുളക്സ്പ്രേ അടിക്കാൻ തുനിയുകയായിരുന്നു. പോലീസിന്റെ അതിക്രമത്തിന്  ഇരയാകുന്നവർക്കു വേണ്ടി ശബ്ദിക്കുകയും സാധ്യമെങ്കിൽ ക്യാമറയിൽ  പകർത്തുകയും  വേണം.

ഫഹീമ :   ഫ്ലോയിഡിന്റെ കാര്യത്തിൽ  രണ്ടാമതും  എമർജൻസി  നമ്പറായ 911ലേക്ക്  വിളിക്കുന്നതിൽ  കാര്യമുണ്ടോ?
ആലിസൻഇല്ല. അതുകൊണ്ട്  കാര്യമൊന്നുമില്ല.ആദ്യത്തെ  വിളിയിൽ  ഇത് ഏൽപ്പിക്കുന്ന പോലീസുകാർക്കാവും രണ്ടാമതും ഏൽപ്പിക്കപ്പെടുക.ഉന്നത പോലീസുദ്യോഗസ്ഥർക്കു പിന്നീട് ഇത് എത്തുമ്പോഴേക്കും സമയം അതിക്രമിച്ചിട്ടുണ്ടാവും. റെക്കോർഡിൽ  രണ്ടു പ്രാവശ്യം വിളിച്ചത് രേഖപ്പെടുത്തുമെന്നുള്ളത് മാത്രമാണ് നല്ല കാര്യം.

ഫഹീമ :   നമ്മളെ   പോലീസ്   വളഞ്ഞാൽ   കൈകൾ തുറന്നുകാണിക്കണമെന്നത് അവരുടെ  അവകാശമാണോ? എന്തൊക്കെയാണ്  പോലീസിൻറെ  അവകാശങ്ങൾ?
ആലിസൻ:  ഇത്  അവകാശമല്ല. രണ്ടു  ഭാഗത്തിൻറെയും സുരക്ഷക്കാണ്.സന്ദർഭത്തിനനുസരിച്ചു പോലീസിന് ബലം പ്രയോഗിക്കാനുള്ള  അനുവാദമുണ്ട്. അവർ  നിർദേശിക്കുന്നതിനനുസരിച്ചു തിരിച്ചറിയൽ രേഖ  കൊടുക്കണം.കാർ തുറന്നു  പരിശോധിക്കണമെങ്കിൽ  പോലീസിന്  വാറണ്ട് ആവശ്യമാണ്.

ഫഹീമ :   മുസ്ലിംകൾക്ക് കറുത്ത വർഗ്ഗക്കാരെ എങ്ങനെയാണ് സഹായിക്കാൻ  കഴിയുക?
ആലിസൻനീതിക്കു  വേണ്ടി  നിലകൊണ്ട്  നമുക്ക്  സഹായിക്കുവാൻ  കഴിയും.ഇവിടെ നിയമപരമായി  സഹായിക്കാൻ   CAIR (Council on American-Islamic Relations) ഉണ്ട്.

ഫഹീമ :   താങ്കൾ ഒരു  വെളുത്തവർഗ്ഗ ക്രിസ്ത്യൻ കുടുംബത്തിൽ വളർന്നു, അഞ്ചുവർഷം മുമ്പ്  ഇസ്ലാം  സ്വീകരിച്ച  വ്യക്തിയാണല്ലോ.താങ്കളുടെ അമ്മയുമായുള്ള സ്നേഹബന്ധം  വളരെ  മനോഹരമാണ്.താങ്കൾ ഇസ്ലാം സ്വീകരിച്ചെങ്കിലും നിങ്ങൾ  തമ്മിലുള്ള പരസ്പര സ്നേഹം ഇപ്പോഴും  തുടരുന്നുണ്ട്. എന്താണ് ചെറുപ്പത്തിലെ സാഹചര്യങ്ങൾ?
ആലിസൻ:  ഞാൻ  എൻ്റെ  അമ്മയോട് കൂടെയാണ്  വളർന്നത്.വളരെ നല്ല  രീതിയിൽ,  പരസ്പര ബഹുമാനത്തോടെ ജീവിക്കാനാണ് അമ്മ  എന്നെ പഠിപ്പിച്ചത്.വംശീയതയുടെ  അനുഭവങ്ങൾ ചെറുപ്പത്തിൽ ഉണ്ടായിട്ടുണ്ട്. അതിനോടുള നിലപാട് കാരണം കുറച്ചു സുഹൃത്തുക്കളെയെങ്കിലും എനിക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട്.

ഫഹീമ :   പോലീസിൽ ചേരാനുള്ള  സാഹചര്യം  എന്താണ്?
ആലിസൻഎൻ്റെ കറുത്തവർഗ്ഗക്കാരായ സുഹൃത്തുക്കൾ, പോലീസിനെപ്പറ്റി പരാതി പറയാറുണ്ടായിരുന്നു.എല്ലാവർക്കും  ഒരേപോലെ,  വിവേചനരഹിതമായി സേവനം  ചെയ്യുന്നതിന്  വേണ്ടി കൂടിയാണ്   ഞാൻ പോലീസ്  അക്കാഡമിയിൽ ചേർന്നത്.അങ്ങിനെ സേനയിലെ കുറച്ചു  വിദ്വേഷമുള്ളവരുടെയെങ്കിലും  തെറ്റിദ്ധാരണ മാറ്റുവാൻ   കഴിയും എന്നെനിക്കുറച്ചവിശ്വാസമുണ്ട്.

ഫഹീമ :   ഒരു  പോലീസ്  ഓഫീസർ  എന്ന  നിലയിൽ  ഏറ്റവും  നല്ല  നിമിഷമേതാണ്?
ആലിസൻ:  ഒരു കുട്ടിയുടെ ശ്വാസം  നിലച്ച  സന്ദർഭമായിരുന്നു  അത്.കുട്ടികളുടെ  അമ്മ  വീട്ടിലില്ലായിരുന്നു  അച്ഛൻ  മാത്രമേ  ഉണ്ടായിരുന്നുള്ളൂ . അവർ  പോലീസിനെ വിളിച്ചു.ഞങ്ങൾ  എത്തിയപ്പോൾ  കുഞ്ഞു ശ്വസിക്കുന്നുണ്ടായിരുന്നില്ല.ഞങ്ങൾ  സി പി ആർ കൊടുത്തപ്പോൾ കുട്ടി  കരഞ്ഞു.അതു കണ്ടപ്പോൾ  കുട്ടിയുടെ  അച്ഛൻ  കരയുന്നത്  ഞങ്ങളെയും  ഈറനണയിച്ചു.അതായിരുന്നു എൻ്റെ   നല്ല  നിമിഷവും അതുപോലെ  വിഷമിപ്പിച്ച നിമിഷവും.

ഫഹീമ :   ഹിജാബ് ധരിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടായ ഏതെങ്കിലും സന്ദർഭമുണ്ടായിരുന്നോ?
ആലിസൻഎവിടെ  നിന്നാണ്  ഭീകരവാദികൾ  നിങ്ങളുടെ പള്ളിയിൽ  എത്തിയതെന്ന് കൂടെ  ജോലി  ചെയ്യുന്ന  ചിലർ ചോദിച്ചത് വിഷമകരമായിരുന്നു.ചോദിച്ചത്  സഹപ്രവർത്തകരായതുകൊണ്ട് കൂടുതൽ വിഷമമുണ്ടാക്കി.

ഫഹീമ :   നിങ്ങൾ  എങ്ങനെ പ്രതികരിച്ചു?
ആലിസൻ:  ഞാൻ  അവരോടും കുറച്ചു മോശമായ രീതിയിലാണ്  പ്രതികരിച്ചത്.കുട്ടികളെ ഉപദ്രവിക്കുന്ന  പാതിരിമാർ  എവിടേക്കാണ്  പോകുന്നതെന്ന് ഞാൻ തിരിച്ചു ചോദിച്ചു.ഇത്തരം ദുരുദ്ദേശപരമായ ചോദ്യങ്ങൾ നല്ലതല്ലെന്ന് ഞാൻ  അവരോടു പറഞ്ഞു.എൻ്റെ  കൂടെ ജോലി  ചെയ്യുന്ന  പലരും നമസ്കാരത്തിലും നോമ്പിലും  എനിക്ക്  കൂട്ടായിരുന്നു .അപൂർവം  ചിലർ, ഞാൻ  മുസ്ലിമാണെന്നറിഞ്ഞപ്പോൾ അവഗണനയോടെ നോക്കാൻ  തുടങ്ങിയത്  എന്നെ  വേദനിപ്പിച്ചിരുന്നു.

ഫഹീമ :   എല്ലാവരോടുമായി  എന്തെങ്കിലും  സന്ദേശം?
ആലിസൻപോലീസുകാർ പ്രവർത്തിക്കുന്നത് സമൂഹത്തിനു  സേവനം  ചെയ്യാനാണ്.സ്വസുരക്ഷയുടെ കാര്യത്തിൽ  എല്ലാവരും  ജാഗ്രത  പാലിക്കണം.എവിടെയാണ്  പോകുന്നതെന്ന്  വീട്ടുകാരെയും  കൂട്ടുകാരെയുമൊക്കെ  പരസ്‌പരം അറിയിക്കണം, പ്രത്യേകിച്ചും  പുറത്തു  നടക്കുമ്പോൾ.
പോലീസിൽ  പരിഷ്‌കാരങ്ങൾ വരുമെന്നും  അവർ കൂടുതൽ  മെച്ചപ്പെട്ട സേവനം നൽകുമെന്നും   ഞാൻ  പ്രത്യാശിക്കുന്നു.

Friday, 29 May 2020

സൂറത്തുൽ മുൽക്ക് : ആഗോള പകർച്ചവ്യാധിക്കൊരു ആത്മീയ പ്രതിവിധി

                                                                      -ദിന  മുഹമ്മദ് ബസിയോനി


 ഈ  മഹാമാരിക്കാലത്ത് ഭയവും  ആശങ്കയും  സ്വാഭാവികമാണ്.സമകാലിക  സാഹചര്യങ്ങളുടെ പ്രതിഫലനവും അത്  സൃഷ്ടിക്കുന്ന ആഗോളപ്രതിസന്ധികളും നമ്മെ  കൂടുതൽ ആശങ്കാകുലരാക്കുന്നു.പക്ഷെ ,ആശ്വാസവും കാഴ്ചപ്പാടും ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിൽ മധ്യനിലപാടും  കണ്ടെത്താനൊരു  മാർഗമുണ്ടോ?


സൂറത്തുൽ  മുൽക്ക്‌ ('ആധിപത്യം', ഖുർആനിലെ അദ്ധ്യായം 67 ) അതിനൊരു  പരിഹാരം നിർദേശിക്കുന്നു. സുശക്തമായ കാഴ്ചപ്പാടും  സമാധാനവും കുറെയധികം  ഭയപ്പാടുകൾക്കും  വരാനിരിക്കുന്ന  അനിശ്ചിതത്വങ്ങൾക്കുമുള്ള  പ്രതിവിധികളും സമാധാനവും കണ്ടെത്തുവാനുള്ള വഴിയും ഈ  അദ്ധ്യായം  നൽകുന്നു.ഈ  ലേഖനത്തിൽ, പ്രസ്തുത  അദ്ധ്യായത്താൽ  പ്രചോദിതമായ കുറച്ചു ചിന്തകളും  പാഠങ്ങളും പങ്കുവെക്കാമെന്നു കരുതുന്നു.

ഒരു മാനസികാവസ്ഥാ മാറ്റം : നിയന്താവിന്  നിയന്ത്രണം വിട്ടുകൊടുക്കുക 


تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
"ആധിപത്യം യാതൊരുത്തന്റെ കൈവശമാണോ അവന്‍ പരിശുദ്ധനാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു"(ഖുർആൻ 67 : 1)


മാർച്ച് 29ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ, ആഗോള പകർച്ചവ്യാധിയെപരാമർശിച്ചു ഒരു വാചകം ട്വീറ്റ്  ചെയ്യുകയുണ്ടായി,'Humility' (വിനയഭാവം) എന്നതായിരുന്നു അത്. നമ്മളെല്ലാവരും  എത്ര  ബലഹീനരാണെന്നു  ഈ  ആഗോള പകർച്ചവ്യാധി നമ്മെ ബോധ്യപ്പെടുത്തിയെന്നു പിന്നീട്  ഒരു സമ്മേളനത്തിൽ  അദ്ദേഹം വിശദീകരിച്ചു.കാര്യങ്ങളൊന്നും നമ്മുടെ  നിയന്ത്രണത്തിലല്ല. ആയതിനാൽ നമ്മൾ വിനയാന്വിതരാവേണ്ടിയിരിക്കുന്നു.ലോകത്തിലെ വൻശക്തികൾപോലും മുട്ടു മടക്കിയിരിക്കുന്നു."ഭയപ്പെടേണ്ട, എല്ലാം നിയന്ത്രണത്തിലാണ്" എന്നു പ്രഖ്യാപിക്കാൻ  ഏതെങ്കിലും  ലോകനേതാവിനോ, ഭരണാധികാരിക്കോ കോർപ്പറേറ്റ് മുതലാളിക്കോ കഴിയുന്നില്ല.

സൂറത്തുൽ മുൽക്കിൻറെ ആദ്യ വാചകം പലപ്പോഴും അറബിയിൽ  നിന്നും  പരിഭാഷപ്പെടുത്താറുള്ളത് 'പരിശുദ്ധൻ' അല്ലെങ്കിൽ 'അനുഗ്രഹമുടയവൻ' എന്നാണ് . എന്നിരുന്നാലും  'تَبَارَكَ'(തബാറക) എന്ന  വാക്ക് ബറകത്ത്  എന്നതിന്റെ സർവോത്തമ രൂപമാണ്. ബറക്കത്തിന് അഭിവൃദ്ധി,മാഹാത്മ്യം,വിശാലത ,സദ്ഗുണങ്ങളുടെയും ഉത്കൃഷ്ടതയുടെയും  സ്ഥായിത്വം എന്നീ അർത്ഥങ്ങൾ  കൂടിയുണ്ട് .ബറക്കത്തിൻറെ  സർവോത്തമ രൂപം സ്ര ഷ്ടാവിനെ  വിശേഷിപ്പിക്കുമ്പോൾ അതിനർത്ഥം  അവനാണ് അവൻ്റെ സൃഷ്ടികളിലുള്ള  പരമാധികാരവും സർവ്വ  നിയന്ത്രണവും അവൻ്റെ  പിടിയിലാണ് പ്രപഞ്ചത്തിൻറെ സകല ആധിപത്യവും എന്നതാണ്.

എന്തുകൊണ്ട്  ഇത്  പ്രസക്തമാണ്?


 പ്രാഥമിക ബറക  സംസ്കാര മനോഭാവങ്ങളിലൊന്ന്‌: അല്ലാഹു കേന്ദ്രീകൃതവും സ്വയം / അഹം കേന്ദ്രീകൃതവുമാണ്. സ്വയം പരിമിതമാണെന്നും നമ്മുടെ മനുഷ്യ ശേഷിക്ക് അതീതമായ അനിവാര്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് മനുഷ്യന്  സ്വയം   കഴിവില്ലെന്നും നമ്മൾ തിരിച്ചറിഞ്ഞതിനാൽ ഇത് മുമ്പത്തേക്കാളും പ്രധാനമാണ്. നമ്മുടെ പരിമിതമായ ലൗകിക മാർഗങ്ങൾ  മാത്രമാണ് പരിഹാരമെങ്കിൽ  നാം തീർച്ചയായും പരിഭ്രാന്തരാകണം. എന്നാൽ നാം പരിമിതിയില്ലാത്തവനിലേക്കു നയിക്കപ്പെടുമ്പോൾ, എല്ലാത്തിനും അവൻ പ്രാപ്തനാണെന്ന് അറിയുന്നത് കൊണ്ട് നമുക്ക് സമാധാനവും സ്വസ്ഥതയും  അനുഭവപ്പെടുന്നു.



ഈ മഹാമാരിക്കു  മുമ്പ്, നമ്മളിൽ പലരും തങ്ങളുടെ ജീവിതം  നയിച്ചിരുന്നത്  സമയവും സേവനവും ഉപയോഗിച്ച് സൃഷ്ടിച്ചതും സേവിച്ചതുമായ  ജോലിയും ബന്ധങ്ങളും പോലെയുള്ള  ചെറു ദൈവങ്ങളെ കേന്ദ്രീകരിച്ചായിരുന്നു . എന്നിട്ടും ഇവയെല്ലാം ഇപ്പോൾ അവയുടെ നിയന്ത്രണത്തിനപ്പുറമുള്ള പുതിയ യാഥാർത്ഥ്യങ്ങൾക്ക് വഴങ്ങുകയാണ്. ആരാധനകൾ  നഷ്‌ടപ്പെടാനും കുടുംബവുമായി സമയം ചിലവഴിക്കാൻ കഴിയാതിരിക്കാനും   ജീവിതത്തിലെ “ഓട്ടമത്സരത്തിൽ ” തിരക്കിലായിരിക്കാനും ഇടയാക്കിയ ആ കരിയർ പോലും ഇപ്പോൾ ഈ മഹാമാരിയെ അതിജീവിക്കുന്നില്ല. ജോലിയുടെ  പേരിൽ തങ്ങളുടെ മൂല്യങ്ങൾ പോലും  അവഗണിക്കാൻ കാരണമായ സാമൂഹിക ബന്ധങ്ങൾ വളരെക്കാലത്തേക്ക് പുലർത്താൻ   കഴിഞ്ഞേക്കില്ല. ഈ ‘മിനി-ദൈവങ്ങളെ ’ വിട്ടു  പകരം യഥാർത്ഥത്തിൽ നിയന്ത്രണമുള്ള ഏക സത്യദൈവത്തിലേക്ക് മടങ്ങി  പ്രാർത്ഥിക്കാനും നമ്മൾ നിർദ്ദേശിക്കപ്പെടുന്നതുപോലെയാണ് ഇത്. മുമ്പ് പ്രധാനപ്പെട്ടതാണെന്ന് നമുക്ക് തോന്നിയ എല്ലാവരുടെയും നിസ്സഹായത നമ്മൾ  മനസ്സിലാക്കുന്നു, നമ്മൾ  സഹായം, സമാധാനം, വിശാലത, സമൃദ്ധി എന്നിവയുടെ ഒരു വികാരത്തിനായി തിരിയുന്നു. സർവ്വ നിയന്താവിൻറെ  ഇച്ഛയുമായി നമ്മുടെ ഇച്ഛയെ വിന്യസിക്കുമ്പോൾ,  നാം അനുഭവിക്കുന്ന ഭയവും ഭാരവും അവൻ നീക്കിത്തരും.



"അല്ലാഹു നിങ്ങള്‍ക്ക് (മതത്തിന്റെ വിധികള്‍) ലഘുവാക്കിത്തരുവാന്‍ ഉദ്ദേശിക്കുന്നു. (എന്തുകൊണ്ടെന്നാല്‍) മനുഷ്യന്‍ ബലഹീനനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു(ഖുർആൻ  4 :28 )"


പാഠം # 1: സ്വയം കേന്ദ്രീകരിക്കാതെ അല്ലാഹുവിൽ  കേന്ദ്രീകരിക്കുക. കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ലോകം മുഴുവൻ അവൻ്റെ  കയ്യിലാണ്. പരിമിതമായ സൃഷ്ടികളിലേക്കല്ല   , ലോകനിയന്താവിലേക്ക്   നാം  തിരിയുമ്പോൾ, മനഃസമാധാനം ലഭിക്കുകയും  തങ്ങളുടെ പരിഭ്രാന്തി, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഇല്ലാതാവുകയും  ചെയ്യും.


മരണഭയം 



الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ
"നിങ്ങളില്‍ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ് (അവന്‍). അവന്‍ പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമാകുന്നു"(ഖുർആൻ  67: 2)


ആധുനിക ലോകത്തിന് മരണം ചർച്ച ചെയ്യാൻ  പ്രയാസമുണ്ട്, ഒപ്പം ജീവിതത്തോട്  അത് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ജീവൻ സൃഷ്ടിക്കുന്നതിനുമുമ്പ് അവൻ മരണം സൃഷ്ടിച്ചുവെന്ന് അല്ലാഹു ഈ വാക്യത്തിൽ എടുത്തുപറയുന്നു. നമ്മുടെ മരണത്തിന്റെ സമയം, തീയതി, സാഹചര്യം എന്നിവ സ്രഷ്ടാവ് നമ്മുടെ ശരീരത്തിലേക്ക് ജീവൻ ഊതുന്നതിനു മുമ്പ് തന്നെ  നിശ്ചയിച്ചിട്ടുണ്ട്. ഒരു ഹദീസിൽ, അബ്ദുല്ല ബിൻ മസൂദ്(റ) പറയുന്നു , “  അല്ലാഹുവിൻറെ  റസൂൽ മുഹമ്മദ് (സ) ഞങ്ങളോട്  പറഞ്ഞു :
"തീർച്ചയായും നിങ്ങൾ ഓരോരുത്തരുടെയും സൃഷ്ടിയിൽ 40 ദിവസത്തേക്ക് മാതാവിൻറെ  ഉദരത്തിൽ ഒരു നത്ഫ  (ഒരു തുള്ളി) രൂപത്തിൽ ഒരുമിച്ച് കൊണ്ടുവരുന്നു, തുടർന്ന് അയാൾ ഒരു അലാഖ  (കട്ടപിടിച്ച  രക്തം ) സമാന കാലഘട്ടത്തിലേക്ക് മാറുന്നു, തുടർന്ന് ഒരു മുദ്ഗ: (മാംസപിണ്ഡം ) സമാനമായ ഒരു കാലയളവിലേക്കും . അപ്പോൾ ഒരു മാലാഖയെ  (അല്ലാഹു) അവനിലേക്ക് അയയ്ക്കുകയും  നാലു കാര്യങ്ങൾ എഴുതാൻ കല്പി ക്കപ്പെടുകയും  ചെയ്യും. അവന്റെ റിസ്ക് (ഉപജീവനമാർഗം), മരണ തീയതി, അവൻ്റെ പ്രവൃത്തികൾ, അവൻ  നികൃഷ്ടനോ അനുഗൃഹീതനോ ആയിരിക്കുമോ എന്നത് എന്നിവയാണവ. എന്നിട്ട് ആത്മാവ് അവനിൽ ഊതപ്പെടുന്നു. ”

ഇതൊരു സുപ്രധാന ഓർമ്മപ്പെടുത്തലാണ്: സ്രഷ്ടാവിന്റെ ഉത്തരവിനപ്പുറം ആരുടെയും മരണം കൊറോണ വൈറസ് നിർണയിക്കുകയില്ല . അത് നമ്മുടെ മരണത്തെ വേഗത്തിലാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യില്ല; നമ്മുടെ ആത്മാക്കൾ നമ്മിലേക്ക് ഊതപ്പെടുന്നതിനുമുമ്പ് നമ്മുടെ  മരണ തീയതി തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട് . കൊറോണ വൈറസിനെക്കുറിച്ച് നമ്മൾ  പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇത് ഓർമ്മ പ്പെടുത്തുന്നു . എന്നാൽ ഉറപ്പായും വരാനിരിക്കുന്ന മരണത്തെ ഈ  മഹാവ്യാധി   ശക്തമായ ഓർമ്മപ്പെടുത്തുകയും  ചെയ്യുന്നു.

നമ്മുടെ ജീവിതത്തെക്കുറിച്ചും / അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചും നാം ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യുമ്പോൾ, നമുക്ക് ചെയ്യാൻ കഴിയുന്നത് മരണത്തിന്റെയും ജീവിതത്തിന്റെയും സ്രഷ്ടാവിലേക്ക് തിരിയുകയും സമാനതകളില്ലാത്ത ദയയും കരുണയുമുള്ള അവനെ ഓർക്കുകയും ചെയ്യുക  എന്നതാണ്. അവനോട് പ്രാർത്ഥിക്കുക  " അല്ലാഹുവേ, എൻറെയും  / എന്റെ മാതാപിതാക്കളുടെയും  / എന്റെ മക്കളുടെയും  മടങ്ങേണ്ട സമയം  ഇപ്പോഴാണ്  നീ  വിധിച്ചിരിക്കുന്നു എങ്കിൽ, നിൻറെ കാരുണ്യം ഞങ്ങളിൽ ചൊരിയുകയും ഞങ്ങളുടെ ഹൃദയങ്ങളെ  ഉറപ്പിച്ചുനിർത്തുകയും നിന്നെ കണ്ടുമുട്ടുന്ന  ദിവസം ജീവിതത്തിലെ  ഏറ്റവും  നല്ല  ദിവസവുമാക്കണേ . അതല്ല  ജീവിതമാണ്  ഉത്തമമെങ്കിൽ  സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുകയും  , ഞങ്ങൾക്ക് സ്ഥിരത നൽകുകയും ഈ ജീവിതത്തിൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കുകയും നീ  പരിരക്ഷിക്കുന്ന രീതിയിൽ ഞങ്ങളെ ഏറ്റവും അടുത്ത അടിമകളായി സംരക്ഷിക്കുകയും ചെയ്യേണമേ"

മരണം നമുക്കായി തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്ന് അംഗീകരിക്കുക എന്നത് ഈ ജീവിതം അവസാനമല്ലെന്ന് അംഗീകരിക്കുക എന്നതു  കൂടിയാണ് . ഇത് ഒരുജീവിത ഘട്ടമാണ്.ഈ  ഘട്ടം ഒരിക്കൽ  അവസാനിക്കും , അതിനാൽ നമ്മൾ  ആ യാഥാർഥ്യം സമാധാനത്തോടെ അംഗീകരിക്കുകയും തയ്യാറാകുകയും വരാനിരിക്കുന്ന നിത്യ കാലഘട്ടത്തിനായി (പരലോകജീവിതത്തിന് ) കാത്തിരിക്കുകയും ചെയ്യേണ്ടതാണ്.


നാം മരിക്കുമ്പോൾ, സ്രഷ്ടാവായ അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങുന്നു, അവിടുത്തെ മനോഹരമായ പേരുകളിൽ താരതമ്യപ്പെടുത്താനാവാത്ത കരുണയുള്ളവൻ , സൗന്ദര്യത്തിന്റെ ഉറവിടം, വെളിച്ചം, സമാധാനം, വാത്സല്യമുള്ളവൻ , ഔദാര്യമുടയവൻ  എന്നിവ ഉൾപ്പെടുന്നു. അല്ലാഹുവിങ്കലേക്ക് മടങ്ങുക എന്നത് പരിഭ്രാന്തിയുടെ ഉറവിടമല്ല, മറിച്ച് അത് സമാധാനത്തിന്റെ ആത്യന്തിക നിമിഷമാണ്. പ്രവാചകൻ  (സ) പഠിപ്പിച്ചതുപോലെ: “അത്യുന്നതനും മഹത്വവുമുള്ള അല്ലാഹുവിൽ നിന്നുള്ള  നന്മ മാത്രം പ്രതീക്ഷിക്കാതെ  നിങ്ങളിൽ ആരും മരിക്കരുത്, .” [സ്വഹീഹ് മുസ്ലിം]


പാഠം # 2: ജീവിതം പരലോക കേന്ദ്രീകൃതമാക്കുക, ലോകകേന്ദ്രീകൃതമല്ല. മരണം കൊറോണയല്ല നിശ്ചയിക്കുന്നത് , അല്ലാഹുവാണ് നിശ്ചയിക്കുന്നതെന്ന് നമ്മൾ  ഓർക്കുമ്പോൾ, കൊറോണയെ നാം അമിതമായി ഭയപ്പെടേണ്ടതില്ല , പക്ഷേ ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയും അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുക . നമുക്ക് ചെയ്യാൻ കഴിയുന്നത്ര നന്മ മാത്രം ചെയ്യുക , അവനു കീഴടങ്ങുക, അവനു കീഴടങ്ങുന്നവരോട് ഏറ്റവും ഉദാരനും ക്ഷമിക്കുന്നവനുമാണ് അല്ലാഹു.


സുരക്ഷിതത്വവും ഭദ്രതയും ഓർത്തുള്ള  പരിഭ്രാന്തി  കൈകാര്യം  ചെയ്യേണ്ട  വിധം 


"أَمَّنْ هَذَا الَّذِي هُوَ جُنْدٌ لَكُمْ يَنْصُرُكُمْ مِنْ دُونِ الرَّحْمَنِ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ"
"കരുണാനിധിയായ അല്ലാഹുവിനെ ക്കൂടാതെ നിങ്ങളെ സഹായിക്കുന്ന ഈ പട്ടാളമാരാണ്? സത്യനിഷേധികള്‍ വഞ്ചനയില്‍ പെട്ടിരിക്കുക തന്നെയാകുന്നു"(ഖുർആൻ  67:20).

ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യങ്ങൾ സൈന്യങ്ങൾക്കും ആയുധങ്ങൾക്കുമായി സമ്പാദ്യം ചെലവഴിച്ചിട്ടും   നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്തത്ര   ചെറുതായ  ശത്രുവിനോട് പോരാടാൻ അത് അവരെ സഹായിക്കുന്നില്ല.

"കരുണാനിധിയായ അല്ലാഹുവിനെ ക്കൂടാതെ നിങ്ങളെ സഹായിക്കുന്ന ഈ പട്ടാളമാരാണ്?"


ആരേയെങ്കിലും  രോഗത്താൽ പരീക്ഷിക്കുവാൻ അല്ലാഹു തീരുമാനിച്ചാൽ അവരെ  സഹായിക്കാൻ സൈന്യത്തിനോ  തോക്കുകൾക്കോ  ടാങ്കുകൾക്കോ കഴിയുകയില്ല.

പ്രവാചകൻ വിശദീകരിക്കുന്നു: “അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരു പകർച്ചവ്യാധിയും പരക്കുന്നില്ല .” [സ്വഹീഹ് അൽ ബുഖാരി]


ഇതിനർത്ഥം, അല്ലാഹുവിന്റെ അനുമതിക്കും കൽപ്പനയ്ക്കും അതീതമായി ആരെയാണ് രോഗം ബാധിക്കേണ്ടതെന്ന് ഒരു രോഗവും സ്വയം തീരുമാനിക്കുകയില്ല എന്നാണ്. അക്കാര്യം  മനുഷ്യ നിയന്ത്രണാനുമാനാതീതമാണ്. ആളുകൾക്ക് ആത്‌മപരിശോധന നടത്തുവാനും  അല്ലാഹുവിലേക്ക് തിരിയാനും അവരുടെ സ്വാർത്ഥതയെ മറികടക്കാനുമുള്ളവയുമാണ് ഈ ഓർമ്മപ്പെടുത്തലുകൾ.


അബു അബ്ബാസ് അബ്ദുല്ല ബിൻ അബ്ബാസ്(റ ) പറഞ്ഞു : "ഒരു ദിവസം ഞാൻ .മുഹമ്മദ് നബി(സ)യുടെ [ഒരേ വാഹനപ്പുറത്ത്]   പിന്നിൽ ഇരിക്കുകയായിരുന്നു  അപ്പോൾ നബി(സ ) പറഞ്ഞു : "ഓ ചെറുപ്പക്കാരാ , ഞാൻ നിനക്ക് ചില ഉപദേശങ്ങൾ പഠിപ്പിച്ചുതരട്ടെയോ : അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെ  സംരക്ഷിക്കും. അല്ലാഹുവിനെ സൂക്ഷിക്കുക. നീ  അവനെ നിൻറെ  മുൻപിൽ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ  അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ  സഹായം തേടുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്ന് സഹായം തേടുക. നിനക്ക് എന്തെങ്കിലും പ്രയോജനം ചെയ്യാൻ  ഒരു രാഷ്ട്രം തീരുമാനിച്ചാൽ , അല്ലാഹു നിനക്കായി നേരത്തെ നിർണയിച്ചതല്ലാതെ അവർ നിനക്ക് യാതൊരു  പ്രയോജനവും  ചെയ്യില്ലെന്ന് അറിയുക. നിന്നെ  ഉപദ്രവിക്കാൻ അവർ ഒത്തുകൂടിയാൽ, അല്ലാഹു നിനക്ക് നേരത്തെ നിശ്ചയിച്ചതല്ലാതെ അവർക്ക്  നിന്നെ  ഉപദ്രവിക്കാൻ കഴിയുകയില്ല . പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു പേജുകൾ ഉണങ്ങിയിരിക്കുന്നു .” [തിർമിദി]

പാഠം # 3: മുൻകരുതലുകൾ  സ്വീകരിക്കുക, പക്ഷേ അനന്തരഫലത്തെ അമിതമായി ആശ്രയിക്കരുത്, മാത്രമല്ല അല്ലാഹുവിനെക്കുറിച്ചുള്ള നിങ്ങളുടെ സൂക്ഷ്മത വർദ്ധിപ്പിക്കുകയും ചെയ്യുക. നമ്മുടെ മുൻകരുതലുകളെയും  വിഭവങ്ങളെയും കുറിച്ചുള്ള അഹങ്കാരത്തിനു പകരം നമ്മുടെ വിനയബോധം വീണ്ടെടുക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണിത്, കാരണം അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ ഏറ്റവും ശക്തരായവർ പോലും  എങ്ങനെയാണ്  നിസ്സഹായരായിത്തീരുന്നതെന്ന് നമ്മൾ  കണ്ടു.


വിഭവങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും  ദൗർലഭ്യത്തെക്കുറിച്ചു ള്ള ഭയം കൈകാര്യം  ചെയ്യേണ്ട  വിധം 



أَمَّنْ هَذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَلْ لَجُّوا فِي عُتُوٍّ وَنُفُورٍ

"അതല്ലെങ്കില്‍ അല്ലാഹു അവന്റെ ആഹാരം നിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഇവന്‍ ആരാകുന്നു? പക്ഷേ, അവര്‍ ധിക്കാരത്തിലും (സത്യത്തില്‍ നിന്ന്) അകന്നുപോകുന്നതിലും നിരതരായിരിക്കയാണ്"(ഖുർആൻ 67 : 21 )

വിഭവങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ദൗർലഭ്യത്തെക്കുറിച്ചുള്ള ഭയം നിരവധി ആളുകളെ ഭക്ഷ്യവസ്തുക്കളുടെ ശേഖരണത്തിലേക്കും  ശൂന്യമായ സൂപ്പർമാർക്കറ്റുകളുടെ അലമാരകളിലേക്കും നയിക്കുന്നു. ആളുകളുടെ ഭയം മനസ്സിലാക്കാവുന്നതേയുള്ളൂ, ചിലർക്ക് കുട്ടികളോ വൃദ്ധരായ മാതാപിതാക്കളോ ഉണ്ട്, ക്വാറൻറയിൻ  ചെയ്യേണ്ടി  വന്നാൽ പുറത്തുപോകാൻ കഴിയില്ലെന്ന് അവർ ഭയപ്പെടുന്നു. സമീപ ഭാവിയിൽ , ആഗോള സാമ്പത്തിക മാന്ദ്യത്തോടെ, തങ്ങളുടെ  ജോലിയും വരുമാന മാർഗ്ഗങ്ങളും നഷ്ടപ്പെടുമെന്ന ന്യായമായ ആശങ്കകളുമുണ്ട് അവർക്ക് .

വസ്തുക്കൾ  ശേഖരിക്കാനും അനിശ്ചിതത്വത്തെ ഭയപ്പെടാനുമുള്ളത്  മനുഷ്യൻറെ  സഹജാവബോധമാണ് , എന്നിരുന്നാലും ഉപജീവനമാർഗം ലൗകിക  വിഭവങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല മറിച്ച് അത് അല്ലാഹുവിൽ നിന്നാണ് എന്നറിഞ്ഞുകൊണ്ട്  വിശാലമായ  മാനസികാവസ്ഥ സ്വീകരിക്കാൻ മുകളിലുള്ള വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒരു മനുഷ്യൻ .മുഹമ്മദ് നബി(സ്വ)യുടെ  അടുക്കൽ  വന്നു, ആ മനുഷ്യനു മതിയാവുന്നത് വരെ പ്രവാചകൻ (സ്വ) അവനു ദാനം  കൊടുത്തു, ആ  മനുഷ്യൻ തന്റെ ജനങ്ങളിലേക്ക് മടങ്ങി അവരോടു  പറഞ്ഞു "എൻറെ ജനങ്ങളേ ഇസ്‌ലാം സ്വീകരിക്കുക, കാരണം ദാരിദ്ര്യത്തെ ഭയപ്പെടാത്ത ഒരാളെപ്പോലെ മുഹമ്മദ്  (സ്വ) ദാനം 
നൽകുന്നു! ” [മുസ്ലീം].

ഇതാണ് വിശാലമായ മാനസികാവസ്ഥ. സൂപ്പർമാർക്കറ്റ് അലമാരകളിലോ ഏതെങ്കിലും ലൗകിക  ദാതാവിനോടോ നമ്മുടെ ഹൃദയം ബന്ധിപ്പിക്കരുത്, നമ്മുടെ ഹൃദയങ്ങൾ അനന്തമായ ഉറവിടവുമായി ബന്ധിപ്പിക്കണം, ആകാശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും നൽകുന്നവൻ, അവൻ അതിരുകളില്ലാത്തതും പരിധിയില്ലാത്തതും  ഒരു  സാഹചര്യങ്ങളും ബാധിക്കാത്തതുമായത്ര  വിശാലനാണ്.

ഈ അർത്ഥം കൂടുതൽ വ്യക്തമാവാൻ , പ്രബല മായ ഒരു ഹദീസിൽ, സർവ്വശക്തനായ അല്ലാഹു പറയുന്നതായി പ്രവാചകൻ(സ) വിവരിക്കുന്നു:
"എൻറെ ദാസൻമാരേ, നിങ്ങളിൽ  ആദ്യത്തെയും   അവസാനത്തെയുമായ  എല്ലാ മനുഷ്യരും   ജിന്നുകളും   ഒരിടത്ത് ഒരുമിച്ചുകൂടുകയും  എന്നോടു ചോദിക്കുകയും  ചെയ്‌താലും അവർ  ആവശ്യപ്പെട്ടത്  എല്ലാവർക്കും നൽകിയാലും  ഒരു സൂചി സമുദ്രത്തിൽ  മുക്കിയാൽ  കുറയുന്നതെത്രയാണോ  അത്രയല്ലാതെ എൻ്റെ കൈവശമുള്ളതിൽ ഒന്നും കുറയില്ല. ” [മുസ്ലീം]

അതുകൊണ്ടാണ് ദാനം നൽകുന്നത് വിശ്വാസത്തിന്റെ അടയാളമെന്ന് പ്രവാചകൻ(സ) പറഞ്ഞത്, പരിഭ്രാന്തിയും തടഞ്ഞുവയ്ക്കലും അർത്ഥമാക്കുന്നത് ഒരാൾ ലൗകിക ദാതാക്കളെ മാത്രമേ കാണുന്നുള്ളുവെന്നും പരിധിയില്ലാത്ത ഉറവിടത്തെ (അല്ലാഹുവിനെ) അവഗണിക്കുന്നുവെന്നും ആണ്.

ഒരു മനുഷ്യൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഏതുതരം ദാനമാണ് ഏറ്റവും നല്ലത്? പ്രവാചകൻ  പറഞ്ഞു: ‘നിങ്ങൾ നല്ല ആരോഗ്യം ഉള്ളപ്പോഴും പിശുക്ക്  തോന്നുകയും ദീർഘായുസ്സ് പ്രതീക്ഷിക്കുകയും ദാരിദ്ര്യത്തെ ഭയപ്പെടുകയും ചെയ്യുമ്പോൾ ചെയ്യുന്ന  ദാനധർമ്മങ്ങൾ ” ‘[സുനൻ നസാഈ ]

പ്രവാചകൻ (സ) വീണ്ടും പറഞ്ഞു :

"ദാനം എന്നത് ഒരാളുടെ വിശ്വാസത്തിന്റെ തെളിവാണ്, ക്ഷമയാണ് പ്രകാശം, ഖുർആൻ നിങ്ങൾക്കനുകൂലമായോ  ​​എതിരായോ ഉള്ള  ഒരു സാക്ഷ്യമാണ് . ഓരോ വ്യക്തിയും തന്റെ ആത്മാവിന്റെ കച്ചവടക്കാരനായി തന്റെ ദിവസം ആരംഭിക്കുന്നു, ഒന്നുകിൽ അതിനെ  സ്വതന്ത്രമാക്കുകയോ അല്ലെങ്കിൽ അതിന്റെ നാശത്തിന് കാരണമാവുകയോ ചെയ്യുന്നു. ” [മുസ്ലീം]

അതിനാൽ, അല്ലാഹുവിൽ വിശ്വസിക്കാനും വിശാലമായ  മാനസികാവസ്ഥ സ്വീകരിക്കാനുമുള്ള സമയമാണിത്.  അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും എത്രമാത്രം വിശാലത കടന്നുവരുമെന്ന് നിങ്ങൾ തിരിച്ചറിയും. പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങൾ എല്ലാവരും അല്ലാഹുവിൽ ശരിയായ ആശ്രയത്തോടെ വിശ്വാസമർപ്പിക്കുന്നുവെങ്കിൽ, രാവിലെ വിശന്നു പുറത്തു പോവുകയും സന്ധ്യാസമയത്ത് നിറവയറുമായി മടങ്ങുകയും ചെയ്യുന്ന   പക്ഷികൾക്ക് നൽകുന്നതുപോലെ അവൻ തീർച്ചയായും നിങ്ങൾക്ക് ഭക്ഷണം  നൽകും ”

പാഠം # 4: നിങ്ങളുടെ ഹൃദയം അല്ലാഹുവിനോട് ബന്ധിപ്പിക്കുകയും  അവന് സമർപ്പിക്കുകയും   ചെയ്യുക.സർവശക്തനായ അല്ലാഹു ഒരു ഖുദ്‌സിയായ ഹദീസിൽ  പറയുന്നു: “ആദം  സന്തതിയേ , ദാനധർമ്മത്തിലായി നിങ്ങൾ ചെലവഴിക്കുക, ഞാൻ നിങ്ങൾക്കായി ചെലവഴിക്കും.” [ബുഖാരിയും മുസ്ലീമും] .ലൗകിക  വിഭവങ്ങൾ നമ്മുടെ  ഏകദാതാക്കളല്ല, അവ നിമിത്തം മാത്രമാണ് , നമ്മുടെ ഉപജീവനത്തിനുള്ളതെല്ലാം ഉന്നതനായ  അല്ലാഹുവാണ് നൽകുന്നത്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതും പ്രതീക്ഷിക്കാനാവാത്തതുമായ മാർഗങ്ങൾ തുറന്നു തരുവാനും സൃഷ്ടിക്കാനും അല്ലാഹുവിന് കഴിയും.



നമ്മുടെ  അന്തിമ ലക്ഷ്യസ്ഥാനം ഓർമ്മിക്കുകയും അതിലേക്ക് സ്ഥിരതയോടെ നീങ്ങുകയും ചെയ്യുക.

"أَفَمَنْ يَمْشِي مُكِبًّا عَلَى وَجْهِهِ أَهْدَى أَمَّنْ يَمْشِي سَوِيًّا عَلَى صِرَاطٍ مُسْتَقِيمٍ"

"അപ്പോള്‍ മുഖംകുത്തി നടക്കുന്നവനോ ലക്ഷ്യത്തില്‍ എത്തിച്ചേരുക, അതല്ല നേരായ മാര്‍ഗത്തില്‍ ശരിയായി നടക്കുന്നവനോ?"
(ഖുർആൻ 67 :22 )

ആഗോള മഹാവ്യാധിയുടെ  ഭയവും അനിശ്ചിതത്വവും കാരണം, പലരും പരിഭ്രാന്തരായിരിക്കുന്നു.അല്ലെങ്കിൽ നിരാശരും   വിഷാദചിത്തരുമായിരിക്കുന്നു.  നാം സ്വയം വിചിന്തനം നടത്തുകയും  ഈ ലോകം അവസാനമല്ലെന്ന് തിരിച്ചറിയുകയും വേണം. നമ്മൾ എന്നെന്നേക്കുമായി ഇവിടെ താമസിക്കാൻ പോകുന്നില്ല.മറ്റെല്ലാത്തിനെയും  പോലെ ഇതും കടന്നുപോകും.

ജീവിതം ഒരു യാത്രയാണ്; ഏത് യാത്രയ്ക്കും പാതകളുണ്ട്. നേരായ പാതയ്ക്ക് വ്യക്തമായ തുടക്കവും അവസാനവുമുണ്ട്. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ, നാം അവനിൽ നിന്ന് വന്നവരാണെന്നും നാം അവനിലേക്ക് മടങ്ങുകയാണെന്നും അല്ലാഹു ഓർമ്മിപ്പിക്കുന്നു; ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഈ ഓർമ്മപ്പെടുത്തൽ പ്രധാനമാണ്, കാരണം അത് ലക്ഷ്യസ്ഥാനത്തെ  നമ്മുടെ  ശ്രദ്ധയിൽപ്പെടുത്തുന്നു, മാത്രമല്ല നമ്മൾ ഉള്ളത് ഒരു സ്റ്റോപ്പിൽ  മാത്രമാണ്, അവസാന ലക്ഷ്യത്തിലല്ല.

"അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. വല്ല വിപത്തും തങ്ങള്‍ക്ക് നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് പറയുന്നവരാണവര്‍. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും"(ഖുർആൻ 2 : 155 -157)

കൂടാതെ, നേരായ പാത രണ്ട് അറ്റങ്ങളുടെ  മധ്യത്തിലാണ്. അങ്ങേയറ്റത്തെ നിരാശയോടും അങ്ങേയറ്റത്തെ നിസ്സംഗതയോടും വിസ്മൃതിയോടും പ്രതികരിക്കരുത് . നമ്മുടെ ആത്യന്തിക ലക്ഷ്യസ്ഥാനത്തേക്ക് സ്ഥിരതയോടെ  നീങ്ങുമ്പോൾ വികാരങ്ങളിലും പ്രവർത്തനങ്ങളിലും സന്തുലിതാവസ്ഥയും മിതത്വവുമാണ് നേരായ പാത.

ലക്ഷ്യസ്ഥാനത്തെ ഓർമ്മിക്കുന്നതിന്റെ വൈകാരികവും ആത്മീയവുമായ സ്വാധീനം ഒരാൾക്ക് സങ്കടത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നു എന്നതാണ്. സാഹചര്യം അവസാനിച്ചതിനാലല്ല, മറിച്ച് അത് എത്ര മോശമാണെന്നത് പരിഗണിക്കാതെ തന്നെ, ഇത് അവസാനമല്ല എന്ന ബോധ്യമാണ് അവനെ  പ്രചോദിപ്പിക്കുന്നത്.അതിനാൽ, അവരുടെ സ്രഷ്ടാവുമായി അവരുടെ ഹൃദയങ്ങളെയും ആത്മാക്കളെയും ബന്ധിപ്പിക്കുന്നതിലൂടെയും വരാനിരിക്കുന്ന ലക്ഷ്യസ്ഥാനത്ത് അല്ലാഹു  തയ്യാറാക്കിയ വിശാലമായ ആശ്വാസത്തെ ഓർമിക്കുന്നതിലൂടെയും വ്യക്തിക്ക് ആന്തരികമായി ശക്തിയും സൗഖ്യവും ലഭിക്കുന്നു.


 "നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട്അതനുസരിച്ച് ചൊവ്വായി നിലകൊള്ളുകയും ചെയ്തവര്‍, അവരുടെ അടുക്കല്‍ മലക്കുകള്‍ (ഈ സന്തോഷവാര്‍ത്തയുമായി) ഇറങ്ങിവരുന്നതാണ്. അതായത്: നിങ്ങള്‍ ഭയപ്പെടുകയോ വ്യസനിക്കുകയോ വേണ്ട. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സ്വര്‍ഗം കൊണ്ട് സന്തോഷിച്ചുകൊള്ളുക.ഇഹലോകജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ കൂട്ടുകാരാണ്. അവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ അവിടെ വെച്ച് ആവശ്യപ്പെടുന്നതും നിങ്ങള്‍ക്കുണ്ട്. " (ഖുർആൻ 41:30 -31 )



പാഠം # 5: അവനിലേക്ക് നോക്കുക, അവനിൽ പ്രത്യാശ പുലർത്തുക, അവനിലേക്ക് നീങ്ങുക. ഈ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കാതിരിക്കാനും നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളിൽ സങ്കടം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ ലയിച്ചുചേരാതിരിക്കാനും  ശ്രമിക്കുക (തീർച്ചയായും നിങ്ങളുടെ ഫോണുകളിലേക്ക് നോക്കി  നിഷേധാത്മകതയുടെ അനന്തമായ ചാക്രികതയിൽ  പെടരുത്). നിങ്ങൾക്ക് കഴിയുന്നിടത്തോളം നന്മ  ചെയ്യുക, ബാക്കിയുള്ളവ അവനു വിട്ടുകൊടുക്കുക.



വിശ്വാസത്തിലും സമർപ്പണത്തിലും കരുണയും സമാധാനവും കണ്ടെത്തുക 



قُلْ هُوَ الرَّحْمَنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُبِينٍ

 "പറയുക: അവന്‍ കരുണാനിധിയാണ്. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയും അവന്റെ മേല്‍തന്നെ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, വ്യക്തമായ വഴികേടില്‍ ആരാണ് അകപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ അടുത്ത് അറിയാറാകും"(ഖുർആൻ  67 : 29 )

മേൽപ്പറഞ്ഞ വാക്യത്തിൽ അല്ലാഹുവിന്റെ നാമമായി  തിരഞ്ഞെടുത്ത അർ-റഹ്മാൻ, ഇത് കരുണാമയന്റെ അതിശയകരമായ നാമമാണ്. അതിന്റെ അർത്ഥം താരതമ്യപ്പെടുത്താനാവാത്ത കരുണയുള്ളവൻ എന്നാണ്. അറബിയിലെ ഗര്ഭപാത്രത്തിന്റെ പേര്(الرحم) അല്ലാഹുവിന്റെ ഈ പ്രത്യേക നാമമായ അർ-റഹ്മാനിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്.
.
'അബ്ദു റഹ്മാൻ ബിൻ' അവ്ഫ് (റ) പറഞ്ഞു:' ഞാൻ അല്ലാഹുവിൻറെ ദൂതർ  (സ) പറയുന്നത്  കേട്ടു : "ഏറെ അനുഗ്രഹിക്കപ്പെട്ടവനും  ഉന്നതനുമായ  അല്ലാഹു  പറഞ്ഞു: ഞാൻ അല്ലാഹുആകുന്നു ഞാൻ അർ-റഹ്മാനുമാകുന്നു . ഞാൻ റഹിം (ഗര്ഭപാത്രം) സൃഷ്ടിക്കുകയും അതിന് എൻറെ  പേരിടുകയും ചെയ്തു.… '”[ജാമിഅത്തിർമിദി]

മേൽപ്പറഞ്ഞ വാക്യത്തിൽ, അർ-റഹ്മാനിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് പറയാൻ നമ്മോട്  അവൻ  ആവശ്യപ്പെടുന്നു. ഗര്ഭപാത്രത്തിന്റെ ഈ പ്രാരംഭ ഘട്ടത്തെക്കുറിച്ച് നാം ചിന്തിക്കുകയാണെങ്കിൽ: ആരാണ് കുട്ടിയുടെമാതാവിൻറെ  ഉദരത്തില് കുട്ടിയെ സംരക്ഷിച്ചത് ? ആരാണ് അതിനെ ഭക്ഷിപ്പിക്കുകയും ചുറ്റിക്കറങ്ങുകയും പൂർണ്ണമായും പരിപാലിക്കുകയും ചെയ്തത്? അത് അർ-റഹ്മാനാണ്. കുട്ടിയോട് ഏറ്റവും കരുണയുള്ള ഉമ്മയ്ക്ക് പോലും കുട്ടിയുടെ സംരക്ഷണവും മറ്റും  സ്വയം ആസൂത്രണം ചെയ്യാനും അതനുസരിച്ചു പ്രവർത്തിക്കുവാനും കഴിഞ്ഞിട്ടില്ല. കുട്ടിയുടെ നിലനിൽപ്പിനും മാതാവിൻറെ  ഗർഭപാത്രത്തിലെ  ജീവിതത്തിനുമായി എല്ലാ ആശ്വാസ വ്യവസ്ഥകളും സൃഷ്ടിക്കുന്നത് അല്ലാഹുവിൻറെ പരിധിയിൽ വരുന്ന  കാര്യമാണ്, അവൻ അത് പൂർണ്ണമായും ശ്രദ്ധിച്ചു നടപ്പിലാക്കി.

ഇതാണ് നമ്മൾ  ഇപ്പോൾ വിശ്വസിക്കുന്നത്. മുമ്പ് നമ്മെ പരിപാലിച്ചതുപോലെ ഇപ്പോൾ നമ്മെ പരിപാലിക്കാൻ അവൻ  തികച്ചും പ്രാപ്തനാണ്.

പാഠം # 6: അവന്റെ കാരുണ്യത്തിന്റെ വിശാലത ഓർമ്മിക്കുമ്പോൾ, ഒരാൾക്ക് സ്വയം സമർപ്പിക്കാനും സമാധാനത്തിൽ വിശ്വസിക്കാനും കഴിയും.

ഇതിനർത്ഥം പൊതുജനാരോഗ്യ നടപടികളെ നമ്മൾ  അവഗണിക്കണമെന്നാണോ?


തീർച്ചയായും അല്ല. പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുന്നതിന് നമുക്ക് പ്രതിഫലമുണ്ട്. അല്ലാഹു നമുക്ക് മുന്നിൽ അവതരിപ്പിച്ച എല്ലാ മാർഗങ്ങളും അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ്.   മുൻകരുതൽ നടപടികളായി നബി (സ)  ക്വാറൻറയിനും   ഒരു രോഗിയെ ആരോഗ്യവാനായ വ്യക്തിയുടെ കൂടെ  നിർത്തരുതെന്നും സ്ഥിരമായ  ശുചിത്വവും  നിർദേശിച്ചിട്ടുണ്ട്. 
മറ്റൊരു  സമഗ്രമായ വീക്ഷണം,  ഹദീസിൽ പ്രവാചകൻ (സ) പഠിപ്പിച്ചതാണ്, ഉദാഹരണത്തിന്, ‘ഉഖ്ബ ബിൻ‘ ആമിർ (റ) റിപ്പോർട്ട്  ചെയ്യുന്നു 


“ഞാൻ അല്ലാഹുവിന്റെ റസൂലിനോട് (ﷺ) ചോദിച്ചു,“ എങ്ങനെ മോക്ഷം നേടാനാകും? ” പ്രവാചകൻ  പറഞ്ഞു: " നിൻറെ നാവിനെ നിയന്ത്രിക്കുക, വീട്ടിൽ ഇരിക്കുക, നിൻറെ  പാപങ്ങളെ ഓർത്ത്  കേഴുക ." [ തിർമിദി].

ഈ ഉപദേശം  ഇന്ന്  കൂടുതൽ പ്രസക്തമാണ്:


  • നിങ്ങളുടെ വീട്ടിൽ ഇരിക്കുക  /Stay at Home : ഇത് ആരോഗ്യ പ്രവർത്തകരുടെ ആഗോള അഭ്യർത്ഥനയാണിന്ന്. ഇത് 1400 വർഷങ്ങൾക്ക്  മുമ്പ് തന്നെ പ്രവാചകൻ(സ) ശുപാർശ ചെയ്തിട്ടുണ്ട്. വീട്ടിൽ ഇരിക്കുന്നത് ഒരാളെ തന്റെ ചിന്തകളും വികാരങ്ങളും നിയന്ത്രിക്കാനും തന്നെയും മറ്റുള്ളവരെയും ഏതെങ്കിലും പകരാവുന്ന  രോഗത്തിൽ നിന്ന് സംരക്ഷിക്കാനും കാരണമാവുന്നു. 
  • നാവിനെ നിയന്ത്രിക്കുക :നിങ്ങളുടെ എല്ലാ ചിന്തകളാലും മറ്റുള്ളവരെ അലോസരപ്പെടുത്തരുത്, അല്ലെങ്കിൽമറ്റുള്ളവർ അവതരിപ്പിക്കുന്ന എല്ലാ ചിന്തകളും സ്വീകരിച്ചുകൊണ്ട്  നിങ്ങളുടെ ആത്മാവിനെ സമ്മർദ്ദത്തിലാക്കരുത്. ഫോൺ ആസക്തിയും മാധ്യമങ്ങളോട് 24 മണിക്കൂറുമുള്ള സമ്പർക്കവും  ആത്മാവിനെ വളരെയധികം വിഷമിപ്പിക്കുന്നു. ഈ കാലത്തെ  വിഷലിപ്തമായതും  / ഫലപ്രദമല്ലാത്തതുമായ ഉള്ളടക്കം പിന്തുടരാതെ  ശാന്തതയും  മനസ്സമാധാനവും കൊണ്ടുവരുന്നതാക്കി മാറ്റുക.
  • പാപങ്ങളെ ഓർത്ത്  പശ്ചാത്തപിക്കുക/ കരയുക : ശരീരം വെള്ളത്താൽ ശുദ്ധീകരിക്കപ്പെടുന്നതുപോലെ, ആത്മാവ് കണ്ണീരാൽ ശുദ്ധീകരിക്കപ്പെടുന്നു; ഒരാളുടെ ബലഹീനതയും പോരായ്മകളും സ്വയം തിരിച്ചറിയുന്ന ആത്മാർത്ഥമായ നിർവ്യാജമായ കണ്ണുനീർ. ഈ വിനയം സർവ്വശക്തനും കരുണാനിധിയുമായവന്റെ ശക്തമായ സഹായം ലഭിക്കുവാൻ ഇടയാക്കുന്നു . പ്രവാചകൻ പറഞ്ഞതുപോലെ, “അല്ലാഹുവിനുവേണ്ടി സ്വയം വിനയാന്വിതനായവന്റെ പദവി അല്ലാഹു ഉയർത്തുന്നു.”
ആത്മപരിശോധനയ്ക്കും സ്വയം ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള നിർബന്ധിത സ്വയം തടവും ശാന്തതയും നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.ജീവിതത്തിൻറെ ലക്ഷ്യത്തെക്കുറിച്ചും നമ്മുടെ പോരായ്മകളെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനുള്ള ഇടം ഇത് തുറന്നു തരുന്നു.ഒപ്പം ഒരാളുടെ പോരായ്മകളെ പരിഹരിക്കാനും ഈ സാഹചര്യത്തിൽ നിന്ന് സ്വയം മെച്ചപ്പെട്ടവരായി  പരിണമിക്കാനുമുള്ള  മുന്നോട്ടുള്ള വഴി അത് കാണിച്ചു തരുന്നു . 

ഈ ലേഖനത്തിന്റെ ഉദ്ദേശ്യം മുൻകരുതലുകൾ  സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെ നിരാകരിക്കലല്ല,മറിച്ച് ഭൗതിക മാർഗങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ  ബുദ്ധിമാനും സർവ്വശക്തനും  സമാശ്വാസം നൽകുന്നവനുമായ ജഗന്നിയന്താവിലേക്ക് സ്വയം ഹൃദയത്തെ ബന്ധിപ്പിക്കുവാൻ ആവശ്യപ്പെടുകയാണ്. ആത്മാവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതോടു കൂടി  ശരീരത്തെ സേവിക്കുന്ന ഒരു സമഗ്ര സമീപനമാണിത്. അങ്ങനെ ഇപ്പോൾ  വളരെയധികം ആവശ്യമുള്ള സന്തുലിതാവസ്ഥയും  സമാധാനവും സ്വാസ്ഥ്യവും  നമുക്ക് ലഭിക്കുന്നു.

അന്തിമ ചിന്തകൾ

ഈ പകർച്ചവ്യാധിക്ക് മുമ്പ്, നമ്മൾ തിരക്കിലായിരുന്നു. നമ്മൾ തിരക്കുകൂട്ടുകയായിരുന്നു, നമ്മൾക്കൊട്ടും സമയമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നമ്മൾ ലോക്ക്ഡൗണിലാണ്. ലോകം മുഴുവൻ പൂട്ടിയിട്ടിരിക്കുകയാണ്. നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുന്നതിനായി അല്ലാഹു നമ്മുടെ ശരീരങ്ങളെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ശാരീരികവും ആത്മീയവുമായ അർത്ഥത്തിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിത്. നമ്മുടെ ശരീരങ്ങളുമായി  വീട്ടിലേക്കുള്ള  മടക്കവും  നമ്മുടെ ആത്മാക്കളുമായി  അല്ലാഹുവിലേക്കുള്ള  മടക്കവും , കാരണം നമ്മുടെ  ആത്മാക്കൾക്കും  അവയുടെ വീടുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.

 "നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്"

"അതായത് സത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണയാല്‍ മനഃസമാധാനം പ്രഖ്യാപിക്കുകയും ചെയ്തവരെ. ശ്രദ്ധിക്കുക, അല്ലാഹുവിന്റെ സ്മരണകൊണ്ട് മാത്രമാണ് മനഃസമാധാനം കൈവരുന്നത്"(ഖുർആൻ 13:28)



എഴുതിയത്ദിന  മുഹമ്മദ് ബസിയോനി, ഈജിപ്തിലെ കെയ്‌റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരിയാണ് അവർ.

അവലംബം : ProductiveMuslim.com
https://productivemuslim.com/global-pandemic-antidote/

വിവർത്തനം : അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ