Saturday, 29 December 2018

മൂന്നാറിലെ മൂന്നു ദിനങ്ങൾ


 
Twenty years from now you will be more disappointed by the things that you didn’t do than by the ones you did do. So throw off the bowlines. Sail away from the safe harbor. Catch the trade winds in your sails. Explore. Dream. Discover.”― Mark Twain

പാലക്കാട് വിട്ടിട്ടിപ്പോൾ ഒമ്പതുവർഷമായി. എല്ലാവരും ഓരോ വഴിയിലേക്ക് തിരിഞ്ഞു. ഗോകുലും ബിജേഷും അമേരിക്കയിലും പ്രവീൺ ഖത്തറിലും ബാപ്പുവും ഞാനും  ബാംഗ്ലൂരിലും മഹേഷ് മാംഗ്ലൂരിലും അജയ് കേരളരാജ്ഭവനിലുമായി(PWD) ജോലി ചെയ്യുന്നു. സഊദിയിലുള്ള ശഫീൽ 3-4 മാസം മുമ്പ് വിത്തിട്ട ആശയമായിരുന്നു ഒരു യാത്ര. ജോലിയുടെ സ്വാഭാവികതയാൽ ആശയസാക്ഷാത്കാരത്തിൽ അവന് ഭാഗഭാക്കാവാൻ പറ്റിയില്ല. 


ഡിസംബർ 14 വെള്ളിയാഴ്ച്ച, ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ബാപ്പുവും ഗോകുലും ഞാനും  കൊച്ചിയിലേക്കുള്ള യാത്ര തുടങ്ങിയത്.'കബാലി‌' യുടെ ചിത്രം പതിച്ച എയർ ഏഷ്യ വിമാനത്തിൽ രാത്രി 9.45ന് പുറപ്പെട്ടു.മൂന്നുദിവസത്തെ യാത്രക്കുള്ള ഇന്നോവ, കൊച്ചി വിമാനത്താവളത്തിൽ തന്നെ ബാപ്പു സജ്ജമാക്കിയിരുന്നു. മഹേഷും അജയും രാത്രി തന്നെ ആലുവയിലെ ലോഡ്ജിൽ ഞങ്ങളോടൊപ്പം ചേർന്നു.രാവിലെ മനുവും അരവിയും(യാത്രക്കുണ്ടായിരുന്നില്ലെങ്കിലും), പ്രവീണിന്റെ കൂടെ ആലുവയിലെത്തി. രാവിലെ 9 മണിക്ക് യാത്ര തുടങ്ങി.ഉച്ചക്കൊരുമണിയോടെ മൂന്നാറെത്തി.
Photo :Mahesh 


തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പർവ്വതനിരകളും തണുത്ത കാലാവസ്ഥയും കൊണ്ട് വ്യത്യസ്തമാണ് ഇടുക്കി  ജില്ലയിലെ മൂന്നാർ. 


ആദ്യം പോയത് മാട്ടുപ്പെട്ടി ഡാമിലേക്കാണ്.മാട്ടുപ്പെട്ടി ഡാം പ്രവർത്തനസജ്ജമായത് 1953ലാണ്. വന്യജീവികളുടെ, പ്രധാനമായും ആനകളുടെ കുടിവെള്ള സ്രോതസ്സ് കൂടിയാണ് ഈ ഡാം. കേരള വിദ്യുച്ഛക്തി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയും ഇവിടെയുണ്ട്.കൂട്ടത്തിലെ 'എഞ്ചിനീയറാ'യ അജയ്, ഡാമുകളുടെ നിർമ്മാണ സാങ്കേതികവിദ്യയെക്കുറിച്ചും വ്യത്യസ്ത ടർബൈനുകളെക്കുറിച്ചും വിശദീകരിച്ചു.മാട്ടുപ്പെട്ടിയിൽ തന്നെയുള്ള കന്നുകാലിഗവേഷണ കേന്ദ്രവും ,അതിനോട് ചേർന്നുള്ള പുൽത്തകിടിയും ശ്രദ്ധേയമാണ്.മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന View Point, ചോല forest നടുത്തുള്ള Top Station എന്നിവയായിരുന്നു ആദ്യദിന കാഴ്ച്ചകൾ.



കണ്ണൻ ദേവൻ മലനിരകളിലായി തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സമുദ്ര നിരപ്പിൽ  നിന്നും 1880 മീറ്റർ  ഉയരത്തിലായി Top Station സ്ഥിതി  ചെയ്യുന്നത്. Top Station നിൽ കുറെ Tent കൾ കെട്ടിയിട്ടുണ്ടായിരുന്നു. Top Station ൽ നിന്നും തിരിച്ചിറങ്ങുമ്പോൾ അന്നു രാത്രി ആ Tentകളിൽ താമസിക്കുന്നവർ അങ്ങോട്ട് പോവുന്നുണ്ടായിരുന്നു. 

 കേരളത്തിൻറെ  ഭാഗമായ ചോല forest മുറിച്ചു കടക്കുമ്പോൾ ഒരു കൂട്ടം കാട്ടുപോത്തുകളെ കാണുകയുണ്ടായി.കേരളത്തിലെ ആദ്യവ്യവഹാര രഹിത ഗ്രാമവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന രക്തസാക്ഷി  അഭിമന്യുവിന്റെ ജന്മനാടുമായ വട്ടവടയിലാരുന്നു ആദ്യദിനവിശ്രമം. കൊടുംതണുപ്പനുഭവപ്പെടുന്നുണ്ടായിരുന്നു രാത്രി. താമസസ്ഥലത്തിനടുത്ത് രാത്രി വൈകി എരിഞ്ഞ തടിക്കഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ  നെരിപ്പോടായിരുന്നു ആശ്വാസം.എല്ലാവരും വ്യത്യസ്തമായ അഭിനയപാടവം പുറത്തെടുത്ത രാത്രിയായിരുന്നു ആദ്യ ദിവസം.'അപൂർവരാഗം', അഭിനയിച്ചു കാണിച്ച ഗോകുലായിരുന്നു താരം.നെരിപ്പോടിൽ  തീ പിടിക്കാൻ സമയമെടുത്തെങ്കിലും പടർന്നപ്പോൾ ഊഷ്മളമായി.
 രാത്രി വൈകിയുറങ്ങിയതിനാൽ രാവിലെ എല്ലാവരും Ready ആയപ്പോഴേക്കും 10 മണിയായി. ഉച്ചക്ക് മുമ്പ് മൂന്നാർ Townനടുത്തുള്ള കണ്ണൻദേവൻ Tea Companyയുടെ Tea Museum ( Kannan Devan Hills Plantation (KDHP) Tea Museum)കാണാൻ പോയി. എല്ലാ Tour ലും ഒരു Industrial visit വേണമല്ലോ എന്നോർത്ത് ഞങ്ങൾ പഴയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായി.മൂന്നാറിലെ  തേയിലത്തോട്ടങ്ങളുടെ ഉത്ഭവം  വിശദമാക്കുന്ന Documentary യും  തേയിലയിൽ  നിന്നും  ചായപ്പൊടി  ഉണ്ടാക്കുന്ന  വിവിധ  ഘട്ടങ്ങൾ demonstrate ചെയ്യുന്ന പ്രദർശനവും ശ്രദ്ധേയമായി.

മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ?
 മൂന്നാർ Town ൽ നിന്നും ഏകദേശം 20 കിലോമീറ്ററിലായി കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമലയിലേക്കായിരുന്നു ഉച്ചക്കു ശേഷമുള്ള യാത്ര. സമുദ്രനിരപ്പിൽ നിന്നും 2640 മീറ്റർ ഉയരത്തിലായി കേരളം -തമിഴ്നാട് അതിർത്തിയിലായാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.നിറയെ വളവു തിരിവുകളുള്ളവയും ജീപ്പ് പോലെയുള്ള ഓഫ്-റോഡ് വാഹനങ്ങൾ മാത്രം യാത്രക്കുപയോഗിക്കുന്നവയും ആയ Road ആണ് മാട്ടുപെട്ടിയിൽ നിന്നും മീശപ്പുലിമലയടിവാരത്തേക്കുള്ളത്.ചുറ്റിലും തേയിലത്തോട്ടങ്ങൾ നിറഞ്ഞു നിൽക്കുന്നതും ഒരു Jeep ന് മാത്രം പോകാവുന്നതുമായ Roadലൂടെ ഞങ്ങളുടെ Driver പരിചയസമ്പന്നതയോടെ വണ്ടിയോടിച്ചു.MBA പൂർത്തിയാക്കിയതിന് ശേഷം മൂന്നാർ view point നടുത്ത് സ്വന്തം Business നടത്തുന്ന മധുര സ്വദേശിയായ ചെല്ലം ആയിരുന്നു ഞങ്ങളുടെ Driver. Base Campലാണ് ഞങ്ങളുടെ താമസം എന്നു ചെല്ലം കരുതിയത്.തുടക്കത്തിലെ തേയിലത്തോട്ടങ്ങൾക്കു ശേഷം ഇടതൂർന്ന കാടുകളാണ് Base camp എത്തുന്നതുവരെ.Base Campലെത്തിയപ്പോഴാണറിഞ്ഞത് ഞങ്ങളുടെ താമസം  മീശപ്പുലിമലയുടെ അടിവാരത്തുള്ള Rhodo Mansionഇൽ ആണ്   എന്നത്.Base Campൽ നിന്ന് 5 കിലോമീറ്ററുണ്ട്  അങ്ങോട്ട്.താമസം അവിടെയാണെന്നറിഞ്ഞപ്പോൾ ചെല്ലം "സോറി സേട്ടാ, ഇങ്കെയാണെന്നാ നിനച്ചെ" എന്നു പറഞ്ഞു.Base Campൽ നിന്നും വനവകുപ്പുദ്യോഗസ്ഥർ ഏർപ്പാടാക്കിയ Watcher  ഞങ്ങളുടെ കൂടെ മുകളിലേക്ക് ഒരു വെട്ടുകത്തിയുമായി വന്നു.അദ്ദേഹം  കണ്ട കരിമ്പുലിയെക്കുറിച്ചും പുലിയെക്കുറിച്ചുമൊക്കെ ഞങ്ങളോട് പറഞ്ഞു.ഒരു Mobile Phone network നും Coverage ഉണ്ടായിരുന്നില്ല. മുകളിലത്തിയപ്പോഴെന്തോ തലേദിവസത്തെ അത്ര തണുപ്പുണ്ടായിരുന്നില്ല. സ്വാമിയും ഭാര്യയുമാണ് അവിടത്തെ CareTakerമാർ. ഇവിടെയും Campfire ഇട്ടിരുന്നു. തണുപ്പത്ത്, തീക്കു ചുറ്റുമിരുന്ന് ചായ കുടിക്കുന്നതൊരനുഭവമാണ്. ഇടക്ക് മഹേഷ് മനോഹരമായി പാടി. രാത്രി ഭക്ഷണം അൽപം Spicy ആയിരുന്നെങ്കിലും വിഭവ സമൃദ്ധമായിരുന്നു. 


പുലർച്ചെ 5.45ന് എണീറ്റ് മീശപുലി മലയിലെ സൂര്യോദയം കാണാൻ Shooting Pointഇൽ കയറി.ഉദിച്ചുയരുന്ന സൂര്യൻറെ വർണ്ണ വൈവിധ്യം കാണേണ്ടതാണ്.അവിടെ  നിന്നും കേരളത്തിലെ ഉയരം കൂടിയ മലയായ  ആനമുടി  കാണാം.


പ്രഭാതഭക്ഷണത്തിനു ശേഷം മീശപ്പുലി മലയിലേക്ക് കയറി.ഏകദേശം  രണ്ടു മണിക്കൂറെടുത്തു മുകളിലെത്താൻ.മീശപുലിമലയിൽ പുലി വാ പൊളിച്ച പോലെയുള്ള ഒരു മലയുണ്ട് . അതിൽ നിന്നുമാണ് ആ പേര് വന്നതെന്നും  അതല്ല. ഏഴു  മലകൾ പുലിയുടെ  മീശ പോലെ പരന്നു കിടക്കുന്നതിൽ നിന്നാണ് പേര് വന്നതെന്നും പറയുന്നുണ്ട് .കൊളുക്ക്മലയും മീശപ്പുലിമലയുടെ ദൃശ്യപരിധിയിലാണ് .മുകളിലെത്തിയപ്പോഴേക്കും വെയിലായിട്ടുണ്ടായിരുന്നു.അപൂർവ ജീവജാലങ്ങൾ സമൃദ്ധമായുള്ള പ്രദേശമാണ്  പശ്ചിമഘട്ടത്തിലെ ഈ മലനിരകൾ.Rhodo  Mansion  എന്ന പേര്  പോലും അവിടെ കണ്ടു വരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സസ്യ ത്തിൻറെ പേരിൽ  നിന്നാണ് വന്നത്.നീലകുറിഞ്ഞി പൂക്കുന്ന  കാലത്ത്  ഈ പ്രദേശങ്ങളിലും വ്യാപകമായി പൂത്തിരുന്നു. മല ഇറങ്ങിയപ്പോൾ  രണ്ടു വെള്ളച്ചാട്ടങ്ങൾ കാണുകയുണ്ടായി .









ആഗസ്റ്റിലെ പ്രളയത്തിൻറെ ശേഷിപ്പുകൾ യാത്രയിലുടനീളം കാണുകയുണ്ടായി. തകർന്നുപോയ റോഡുകളും ചെറുകിട വൈദ്യുതപദ്ധതിയും ഇടിഞ്ഞുവീണ  മലകളും ആ മഹാപ്രളയത്തിന്റെ സ്മാരകങ്ങളായി പലയിടത്തും ഉണ്ടായിരുന്നു.
മൂന്നാറിൽ കാണുന്ന വന്യമൃഗവും തമിഴ്നാടിൻറെ സംസ്ഥാന മൃഗവുമായ വരയാടു  (നീലഗിരി ഥാർ)കളെ ഈ കുന്നുകളിൽ  കണ്ടു .കുത്തനെയുള്ള മലകളിലും  കുന്നുകളിലും  അനായാസേന സഞ്ചരിക്കാൻ കഴിവുള്ള  ജീവികളാണ്  വരയാടുകൾ. ഉച്ചയോടെ താമസ സ്ഥലെത്തി . ഉച്ചഭക്ഷണാന്തരം മൂന്ന് ദിവസത്തെ യാത്ര അവസാനിപ്പിച്ചു ഞങ്ങൾ മലയിറങ്ങി.

ഓർമ്മകൾക്കിന്നും സുഗന്ധം നൽകുന്ന ആ  മൂന്നുദിവസങ്ങളുടെ അയവിറക്കലിൽ വീണ്ടും കൂടാം  എന്ന തീരുമാനത്തോടെ  ഞങ്ങൾ പലയിടത്തായി  യാത്ര പറഞ്ഞു.